• HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്യാർത്ഥികളല്ലാത്ത 278 പേർക്ക് ബിരുദം; മധ്യപ്രദേശ് മെഡിക്കൽ പരീക്ഷാഫല ക്രമക്കേടിൽ അന്വേഷണ സമിതി റിപ്പോർട്ട്

വിദ്യാർത്ഥികളല്ലാത്ത 278 പേർക്ക് ബിരുദം; മധ്യപ്രദേശ് മെഡിക്കൽ പരീക്ഷാഫല ക്രമക്കേടിൽ അന്വേഷണ സമിതി റിപ്പോർട്ട്

ഉത്തരക്കടലാസ് തിരുത്തൽ, അനധികൃത പുനർമൂല്യനിർണയം എന്നിങ്ങനെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്

  • Share this:
മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല ഫലങ്ങളിലെ ക്രമക്കേടുകൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ അഞ്ചംഗ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥികളല്ലാത്ത 278 പേർക്ക് ബിരുദം നൽകി, ഉത്തരക്കടലാസ് തിരുത്തൽ, അനധികൃത പുനർമൂല്യനിർണയം എന്നിങ്ങനെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് സമിതി കണ്ടെത്തിയിരിക്കുന്നത്. വിരമിച്ച മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി കെ.കെ. ത്രിവേദിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

2021 ഓഗസ്റ്റ് 16ന്, ഏഴ് ഹർജിക്കാരാണ് മെഡിക്കൽ സയൻസ് സർവകലാശാലയ്ക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. സർവ്വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കൽ, നഴ്‌സിംഗ് കോളേജുകളിലെ 2018-19 പരീക്ഷകളുടെ നടത്തിപ്പിൽ "വൻതോതിലുള്ള അഴിമതി" നടന്നതായും ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഇക്കാര്യം അന്വേഷിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. സംസ്ഥാനത്തെ 954 സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകൾ, നഴ്സിംഗ് കോളേജുകൾ, പാരാമെഡിക്കൽ കോളേജുകൾ എന്നിവ സർവകലാശാലയ്ക്ക് കീഴിലുണ്ട്.

2021 ഒക്ടോബർ 4-ന് ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖ്, ജസ്റ്റിസ് വിശാൽ ധഗത് എന്നിവരടങ്ങിയ ബെഞ്ച്, ആരോപണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി, ഒരു പോലീസ് ഉദ്യോഗസ്ഥൻ, മൂന്ന് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. ഏഴു ദിവസത്തിനു ശേഷം ത്രിവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചു.

വിവിധ മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകൾക്കെതിരെ ഏഴ് വ്യത്യസ്ത ഹർജിക്കാർ നൽകിയ പരാതികൾ സമിതി അന്വേഷണം നടത്തുകയും കണ്ടെത്തലുകൾ ജൂലൈയിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു, ഇവ 2023 ജനുവരി 2 ന് നിശ്ചയിച്ചിരിക്കുന്ന അടുത്ത ഹിയറിംഗിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

278 കേസുകളിൽ കോഴ്‌സിൽ ചേർന്നവരുടെ എണ്ണവും ബിരുദം നേടിയവരുടെ എണ്ണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് സമിതി കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ "കുറച്ച് ഉദ്യോഗാർത്ഥികളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിൽ" മാത്രമേ സർവകലാശാല നടപടി സ്വീകരിച്ചിട്ടുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക കേസുകളിലും മാർക്ക് ഷീറ്റുകൾ മറ്റ് ഉദ്യോഗാർത്ഥികളുടെ പേരിൽ നൽകിയിട്ടുണ്ട്. അതേസമയം എൻറോൾമെന്റ് നമ്പർ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലും ആയിരിക്കും.

കോളേജുകൾക്കും യൂണിവേഴ്സിറ്റിയ്ക്കും ഐടി ഏജൻസിയ്ക്കും ഈ ക്രമക്കേടിൽ പങ്കുണ്ടെന്ന് ഈ വിശകലനത്തിൽ നിന്ന് വ്യക്തമാണ്. കോളേജിലെ വിദ്യാർത്ഥി അല്ലാത്തവർക്കും കോഴ്സിൽ പ്രവേശനം ലഭിക്കാത്തവർക്കും യൂണിവേഴ്സിറ്റിയിൽ എൻറോൾ ചെയ്തിട്ടില്ലാത്തവർക്ക് പോലും അവസാന പരീക്ഷയിൽ പങ്കെടുക്കാനും ബിരുദം നേടാനും കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മൈൻഡ്‌ലോജിക്‌സ് ഇൻഫ്രാടെക് എന്ന സ്വകാര്യ ഐടി കമ്പനിക്കാണ് സർവകലാശാലയുടെ കീഴിലുള്ള ചോദ്യപേപ്പറുകൾ എത്തിക്കുന്നതിനും രണ്ടുലക്ഷം വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിനുമുള്ള കരാർ നൽകിയത്. എന്നാൽ ഈ വെബ്‌സൈറ്റിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ആരും പ്രതികരിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ക്രമക്കേട് നടത്തുന്നത് എങ്ങനെ?

പരീക്ഷാ എൻട്രി ഫോമുകളിലെ ചെറിയ തിരുത്തലുകൾക്കായി കോളേജുകൾ സർവകലാശാലയ്ക്ക് അപേക്ഷ സമർപ്പിക്കും. സർവകലാശാല, ഒരു അന്വേഷണവും നടത്താതെ, പോർട്ടൽ പുനഃസജ്ജീകരിക്കാൻ ഐടി ഏജൻസിയോട് നിർദ്ദേശിക്കും. പോർട്ടൽ വീണ്ടും തുറന്നതിന് ശേഷം, എൻറോൾമെന്റ് നമ്പർ ഒഴികെ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട മുഴുവൻ ഡാറ്റയും കോളേജ് മാറ്റും. അതായത് വിദ്യാർത്ഥിയുടെ പേര്, പിതാവിന്റെ പേര്, ലിംഗം മുതലായവ വിവരങ്ങടക്കം മാറ്റും. അതിന് ശേഷം ഐടി ഏജൻസി കൃത്രിമ വിദ്യാർത്ഥിയുടെ പേരിൽ സ്വയം അഡ്മിറ്റ് കാർഡ് സൃഷ്ടിക്കും.

"പുനർമൂല്യനിർണ്ണയത്തിൽ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയെഴുതി പാസ് മാർക്ക് നൽകിയിരിക്കുന്നതായും സമിതി കണ്ടെത്തി. 2018-19 അധ്യയന വർഷത്തിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ എൻആർഐ ക്വാട്ടയിൽ പ്രവേശനം നേടിയ വിവിധ കോളജുകളിലെ (റിപ്പോർട്ടിൽ കോളജിന്റെ പേരുകളില്ല) 13 വിദ്യാർഥികളുടെ പട്ടികയും സമിതി കണ്ടെത്തി. അവരിൽ 11 പേർ 2018ലെ ഫൈനൽ ഇയർ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ പുനർമൂല്യനിർണയ സമയത്ത് ഇവർ വിജയിക്കുകയും ചെയ്തു. കൂടാതെ പുനർമൂല്യനിർണ്ണയത്തിലും പരാജയപ്പെട്ട രണ്ട് പേർക്ക് “സ്പെഷ്യൽ പുനർമൂല്യനിർണയത്തിൽ” പാസിംഗ് മാർക്ക് നൽകി വിജയിപ്പിച്ചു. ഈ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയെഴുതിയതിന്റെ തെളിവുകളും സമിതി കണ്ടെത്തി.

ചില വിദ്യാർത്ഥികൾക്ക് അനുകൂലമായ ഫലത്തിനായി തനിയ്ക്ക് മേൽ സമ്മർദം ഉണ്ടായിരുന്നതായി മുൻ പരീക്ഷാ കൺട്രോളർ വൃന്ദ സക്‌സേന സമ്മതിച്ചതായും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Published by:Anuraj GR
First published: