• HOME
  • »
  • NEWS
  • »
  • india
  • »
  • MBBS in Hindi | ഹിന്ദിയില്‍ എംബിബിഎസ് കോഴ്‌സുമായി മധ്യപ്രദേശ്; ഇത്തരത്തിലെ ആദ്യ സംസ്ഥാനം

MBBS in Hindi | ഹിന്ദിയില്‍ എംബിബിഎസ് കോഴ്‌സുമായി മധ്യപ്രദേശ്; ഇത്തരത്തിലെ ആദ്യ സംസ്ഥാനം

ഈ വര്‍ഷം മുതല്‍ പുതിയ ഹിന്ദി അധിഷ്ഠിത സംവിധാനം ആരംഭിക്കും.

  • Last Updated :
  • Share this:
    ഹിന്ദിയില്‍ (Hindi) മെഡിക്കല്‍ വിദ്യാഭ്യാസം (Medical Education) നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ മധ്യപ്രദേശ് (Madhya Pradesh). ''ഈ വര്‍ഷം ഹിന്ദിയില്‍ എംബിബിഎസ് കോഴ്സ് (MBBS) ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറും. അതിനായി ഹിന്ദിയിൽ പുസ്തകങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ വര്‍ഷം മുതല്‍ പുതിയ ഹിന്ദി അധിഷ്ഠിത സംവിധാനം ആരംഭിക്കും.

    ഇതിനു പിന്നാലെ എഞ്ചിനീയറിംഗിനും മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സമാനമായ സംവിധാനം സൃഷ്ടിക്കും. മറ്റു രാജ്യങ്ങള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി അവരുടെ മാതൃഭാഷ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തിന് ഇംഗ്ലീഷിന്റെ അടിമകളായി തുടരണം? ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഹിന്ദി സംസാരിക്കുന്ന പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഇടത്തരക്കാരില്‍ നിന്നും താഴ്ന്ന സാമ്പത്തിക വിഭാഗത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളിലെ അപകര്‍ഷതാ ബോധം നീക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും'', മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ (Sivraj Singh Chouhan) പറഞ്ഞു. ഞായറാഴ്ച ഹില്‍ ടൂറിസം മേഖലയായ പച്മറിയില്‍ നടന്ന രണ്ട് ദിവസത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണിത്.

    ''25,000-മോ അതിലധികമോ ജനസംഖ്യയുള്ള എല്ലാ നഗരപ്രദേശങ്ങളിലും ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി ഒരു സഞ്ജീവനി ക്ലിനിക്ക് ഉണ്ടായിരിക്കും. ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കും. ആദ്യത്തെ ക്ലിനിക്ക് ഏപ്രില്‍ 22 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരം ക്ലിനിക്കുകള്‍ പ്രവർത്തനം ആരംഭിക്കും. കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കും'', ചൗഹാന്‍ പ്രഖ്യാപിച്ചു.

    സംസ്ഥാനത്ത് ഒരു വെറ്ററിനറി ടെലിമെഡിസിന്‍ സംവിധാനവും വിളകൾക്കായി സമാനമായ മറ്റൊരു ടെലിമെഡിസിന്‍ സൗകര്യവും ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. കൂടാതെ, രാജ്യത്ത് തന്നെ ആദ്യമായി മധ്യപ്രദേശിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും എട്ടാം ക്ലാസ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ 240 മണിക്കൂര്‍ കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചു. കൂടാതെ, ഏപ്രില്‍ 11 മുതല്‍ സംസ്ഥാനവ്യാപകമായി ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനുമായി 'ജലാഭിഷേക' പരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഗ്രാമീണ ഗതാഗത നയം അടുത്ത മാസം പ്രഖ്യാപിക്കും.

    ഏപ്രില്‍ 21 മുതല്‍ പുതിയ രൂപത്തില്‍ മുഖ്യമന്ത്രി കന്യാദാന്‍ യോജന (കമ്മ്യൂണിറ്റി വിവാഹ പദ്ധതി) പുനരാരംഭിക്കുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, കോവിഡ് മഹാമാരി കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച മുഖ്യമന്ത്രി തീര്‍ഥ ദര്‍ശന്‍ യോജന (സൗജന്യ തീര്‍ഥാടന പദ്ധതി) ഏപ്രില്‍ 18 ന് വീണ്ടും ആരംഭിക്കും. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരും ആദ്യ ബാച്ച് തീര്‍ഥാടകരോടൊപ്പം കാശിയിലേക്ക് യാത്ര ചെയ്യും. നിലവിലുള്ള 350 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 'സിഎം റൈസ് സ്‌കൂൾ' എന്ന തന്റെ സ്വപ്ന പദ്ധതിക്ക് കീഴില്‍ ജൂണ്‍ 13 മുതല്‍ ഏറ്റവും ആധുനികമായ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
    Published by:Jayashankar Av
    First published: