സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ (Social Media Platforms) ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ (Criminal Cases) സോഷ്യല്‍ മീഡിയ കമ്പനികളെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി (Madras High Court) തമിഴ്നാട് സർക്കാരിൽ (Tamil Nadu Government) നിന്ന് പ്രതികരണം തേടി.
കുറ്റകൃത്യങ്ങള്‍ക്കായി യൂട്യൂബ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യാഴാഴ്ച തമിഴ്നാട് സര്‍ക്കാരിനോട് പ്രതികരണം തേടിയത്. കൂടാതെ ഈ വിഷയത്തിൽ ബെഞ്ച് അഭിഭാഷകരുടെ അഭിപ്രായവും ആരാഞ്ഞു.
സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയാന്‍ സര്‍ക്കാരിന് എന്തെങ്കിലും സംവിധാനം ഉണ്ടോയെന്ന് ജസ്റ്റിസ് ബി പുകഴേന്തി ചോദിച്ചു. ഈ വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ അഭിഭാഷകനായ കെ കെ രാമകൃഷ്ണനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതായും ജഡ്ജി അറിയിച്ചു.
യൂട്യൂബറായ ദുരൈമുരുകന് പാണ്ഡ്യന് സാട്ടൈയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെയും ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെയും ചിത്രങ്ങള്‍ അദ്ദേഹം വീഡിയോയില്‍ ഉപയോഗിച്ചിരുന്നു.
ദുരൈമുരുഗന് തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ഇത്തരം പരാമര്‍ശങ്ങള്‍ പതിവായി നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, അത്തരം വീഡിയോകളില്‍ നിന്ന് യൂട്യൂബര്‍ പണം സമ്പാദിക്കുന്നുണ്ടോ എന്ന് ദുരൈമുരുകന്റെ അഭിഭാഷകനോട് ചോദിച്ചു. ജാമ്യം ലഭിച്ചാല്‍ കുറ്റം ആവര്‍ത്തിക്കില്ലെന്ന് ദുരൈമുരുഗന് നേരത്തെ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.
മറ്റ് പല കേസുകളിലും പ്രതികള്‍ തോക്കുകള്‍ നിര്‍മ്മിക്കാനും കവര്‍ച്ച നടത്താനും മറ്റ് കുറ്റകൃത്യങ്ങള്‍ നടത്താനുമൊക്കെ പഠിച്ചത് യൂട്യൂബ് വീഡിയോകളില്‍ നിന്നാണെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി അത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മറുപടി തേടി. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി.
അതേസമയം കഴിഞ്ഞ ദിവസമാണ് ബുള്ളി ബായ് ആപ്പ് കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തത്. നൂറിലേറെ പ്രമുഖ മുസ്ലിം സ്ത്രീകളെ ലേലത്തിനു വെച്ച ആപ്ലിക്കേഷനാണ് ബുള്ളി ബായ്. എം.ബി.എ ബിരുദധാരിയായ നീരജ് സിങ്ങിനെയാണ് ഒഡിഷയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതകളുടെ ചിത്രങ്ങള്‍, അവരുടെ അറിവില്ലാതെ അപ്ലോഡ് ചെയ്യുകയും ഓണ്‍ലൈനില്‍ ലേലത്തിനു വെക്കുകയുമായിരുന്നു. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.