ചെന്നൈ: ഭാര്യയ്ക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യാൻ ഗാർഹിക പീഡന നിയമം പോലെ ഒരു നിയമമില്ലാത്തത് ദൗർഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെത്തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൃഗഡോക്ടർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.
പരാതി നൽകിയ സ്ത്രീ ഹർജിക്കാരനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്ന് പറഞ്ഞ കോടതി, നിർഭാഗ്യവശാൽ ഗാർഹിക പീഡന നിയമത്തിൽ ഭാര്യയ്ക്കെതിരെ പരാതി നൽകാനുള്ള വ്യവസ്ഥകൾ ഇല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് എസ്. വൈദ്യനാഥന്റേതാണ് പരാമര്‍ശം. ലിവ് ഇൻ റിലേഷൻഷിപ്പിന് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ പറഞ്ഞു.
ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഉത്തരവിന് നാലുദിവസം മുമ്പാണ് ഭാര്യ ഡോക്ടര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. കേസിന്റെ പേരിൽ ജോലിയിൽ നിന്നും ഡോക്ടറെ സസ്പെൻഡ് ചെയ്തു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. You may also like:'വിരമിക്കാൻ സമയമായിട്ടില്ല': എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 25 വർഷം
സസ്പെൻഷൻ റദ്ദാക്കിയ കോടതി 15 ദിവസത്തിനുള്ളിൽ ഇയാളെ ജോലിയിൽ തിരിച്ചെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു. വിവാഹമോചന കേസിൽ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കി ഭര്‍ത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു.
നിസ്സാര കാരണങ്ങളുടെ പേരിൽ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. അഹന്തയും അസഹിഷുണതയും പാദരക്ഷകൾ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭർത്താക്കന്മാർ മനസ്സിലാക്കണം. അല്ലായെങ്കിൽ കുട്ടികള്‍ക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.