• HOME
 • »
 • NEWS
 • »
 • india
 • »
 • Madras HC | 'ഭാരത മാതാവി'നും' 'ഭൂമി ദേവി'യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരമെന്ന് മദ്രാസ് ഹൈക്കോടതി

Madras HC | 'ഭാരത മാതാവി'നും' 'ഭൂമി ദേവി'യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരമെന്ന് മദ്രാസ് ഹൈക്കോടതി

കത്തോലിക്കാ പുരോഹിതന്‍ ജോര്‍ജ്ജ് പൊന്നയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം

 • Last Updated :
 • Share this:
  'ഭാരത് മാതാ', 'ഭൂമി ദേവി' എന്നിവയ്ക്കെതിരെ നിന്ദ്യമായ വാക്കുകള്‍ (Offensive Words) ഉപയോഗിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 295 എ വകുപ്പ് പ്രകാരം മതവികാരം (Religious Sentiments) വ്രണപ്പെടുത്തുന്ന കുറ്റമാണെന്ന് മദ്രാസ് ഹൈക്കോടതി (Madras High Court). കത്തോലിക്കാ പുരോഹിതന്‍ ജോര്‍ജ്ജ് പൊന്നയ്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ചുക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.

  കഴിഞ്ഞ വര്‍ഷം ജൂലൈ 18-ന് കന്യാകുമാരി ജില്ലയിലെ അരുമനൈയില്‍ അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ രീതിയില്‍ പ്രസംഗിച്ചു എന്ന കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തത്. പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

  ''ഭൂമി ദേവിയോടുള്ള ആദരവ് നിമിത്തം നഗ്നപാദരായി നടക്കുന്നവരെ ഹര്‍ജിക്കാരന്‍ പരിഹസിച്ചു. ചൊറി പിടിപെടാതിരിക്കാനാണ് ക്രിസ്ത്യാനികള്‍ ചെരിപ്പ് ധരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. അണുബാധകളുടെയും വൃത്തികേടിന്റെയും ഉറവിടമായി ഭൂമിദേവിയെയും ഭാരതമാതാവിനെയും അദ്ദേഹം വരച്ചുകാട്ടി. വിശ്വാസികളായ ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഈ നടപടികള്‍. ഏതൊരു വിഭാഗം പൗരന്മാരുടെയും മതവികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമ്പോഴും ഐപിസി 295 എ പ്രകാരമുള്ള കുറ്റം സംഭവിക്കുന്നു.

  ഹിന്ദുക്കളായ എല്ലാവരും പ്രകോപിതരായില്ലെങ്കിലും, ഒരാളുടെ വാക്കുകള്‍ ഒരു വിഭാഗം ഹിന്ദുക്കളുടെ മതവികാരങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തിയാല്‍ തന്നെ അത് ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ബാധകമാണ്'', ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

  വിശ്വാസികളായ എല്ലാ ഹിന്ദുക്കളും ഭൂമിദേവിയെ ഒരു ദേവതയായി കണക്കാക്കുന്നുവെന്ന് ജഡ്ജി നിരീക്ഷിച്ചു. ''ഭാരത മാതാവ് ഒരുപാട് ഹിന്ദുമത വിശ്വാസികളുടെ ആരാധനാപാത്രമാണ്. ദേശീയ പതാകയേന്തി സിംഹത്തിന് പുറത്തേറി നില്‍ക്കുന്ന രീതിയില്‍ ഭാരത മാതാവ് പൊതുവെ ചിത്രീകരിക്കപ്പെടാറുണ്ട്. ഭാരതമാതാവിനെയും ഭൂമിദേവിയെയും നിന്ദ്യമായ വാക്കുകള്‍ ഉപയോഗിച്ച് പരാമര്‍ശിച്ചതിലൂടെ ഐപിസിയുടെ 295 എ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഹര്‍ജിക്കാരന്‍ പ്രഥമദൃഷ്ട്യാ ചെയ്തിരിക്കുന്നത്', ജഡ്ജി വിധിയില്‍ പ്രസ്താവിച്ചു.

  ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ 'ആനന്ദ മഠം' എന്ന നോവലിലെ 'വന്ദേ മാതരം' എന്ന കവിത ഉദ്ധരിച്ചുകൊണ്ടാണ് വിധി ആരംഭിച്ചത്. അതില്‍ രാഷ്ട്രം മാതൃദേവതയ്ക്ക് തുല്യമാണെന്നാണ് പരമാര്‍ശിക്കുന്നത്. മതവിമര്‍ശനം നടത്തുകയായിരുന്നു എന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി തള്ളി.

  ഹിന്ദുമതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഡോ.അംബേദ്കറുടെ രചനകള്‍ ഹര്‍ജിക്കാരന്‍ പരാമര്‍ശിച്ചിരുന്നു. ഡോ. അംബേദ്കറെപ്പോലെയുള്ള ആദരണീയരായ നേതാക്കളുമായി ഹര്‍ജിക്കാരനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷിച്ചു. ഒരു യുക്തിവാദിയോ അക്കാദമിക് വിദഗ്ധനോ കലാകാരനോ മതത്തിനെതിരെ നടത്തുന്ന പരുഷമായ പ്രസ്താവനകളും മറ്റൊരു മതത്തിലെ പുരോഹിതനായ വ്യക്തി നടത്തുന്ന പ്രസ്താവനകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.

  ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം സാമുദായിക സ്പര്‍ദ്ദ പ്രോത്സാഹിപ്പിക്കുന്ന കുറ്റമാണ് പ്രസംഗത്തിലൂടെ വൈദികന്‍ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ''ഹര്‍ജിക്കാരന്റെ പ്രസംഗം മൊത്തത്തില്‍ വായിച്ചാല്‍ ഹിന്ദു സമൂഹമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. ഹിന്ദുക്കളെ ഒരു വശത്തും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും മറുവശത്തും നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.

  ഒരു വിഭാഗത്തിനെതിരെ അദ്ദേഹം വിദ്വേഷം ചൊരിയുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വേര്‍തിരിവ്. ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ച് ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നു. ഹര്‍ജിക്കാരന്‍ പറഞ്ഞ വാക്കുകള്‍ പ്രകോപനപരമാണ്. ഇത്തരത്തില്‍ തീവ്രനിലപാട് കൈക്കൊള്ളുന്ന പ്രസ്താവനകള്‍ ഭരണകൂടത്തിന് അവഗണിക്കാനാകുമോ എന്നതാണ് ചോദ്യം. ഇല്ല എന്നതായിരിക്കണം ഉത്തരം'', കോടതി വ്യക്തമാക്കി.

  ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള കന്യാകുമാരി ജില്ലയിലാണ് വൈദികന്‍ പ്രസംഗിച്ചത് എന്ന വസ്തുതയും ജസ്റ്റിസ് സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ''1980 മുതല്‍ ഹിന്ദുക്കള്‍ ജില്ലയില്‍ ന്യൂനപക്ഷമായി മാറി. 2011 ലെ സെന്‍സസ് ഹിന്ദുക്കളാണ് ഏറ്റവും വലിയ മതവിഭാഗമെന്ന ധാരണ നല്‍കുന്നുണ്ട്. സെന്‍സസ് പ്രകാരം അവരുടെ ജനസംഖ്യ 48.5 ശതമാനമാണ്. എന്നാല്‍ അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ ഈ കണക്കുകള്‍ പ്രതിനിധീകരിക്കുന്നില്ല.

  ഒരു വലിയ വിഭാഗം പട്ടികജാതി ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും എന്നാല്‍ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി രേഖകളില്‍ ഹിന്ദുക്കള്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത്തരം ആളുകളെ വിളിക്കുന്നത് ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ എന്നാണ്''. ഈ പശ്ചാത്തലത്തില്‍ കന്യാകുമാരി ജില്ലയില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ 72 ശതമാനത്തിലെത്തുമെന്ന ഹര്‍ജിക്കാരന്റെ പ്രസ്താവനകളെ കോടതി ഖണ്ഡിച്ചു.

  Also Read-Assam Government | മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാൻ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിച്ച് അസം സർക്കാർ

  മതത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന വിഭജനത്തിന്റെ ഭീകരതയെയും വിധിയില്‍ ജസ്റ്റിസ് സ്വാമിനാഥന്‍ പരാമര്‍ശിക്കുന്നുണ്ട്. ഒന്നിലധികം സംസ്‌കാരങ്ങള്‍ ഒരുപോലെ നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ നില തുടരണമെന്നും ഈ സ്ഥിതി അട്ടിമറിക്കപ്പെട്ടാല്‍ വിപത്കരമായ അനന്തരഫലങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  Missionaries of Charity| മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു

  ഫാദര്‍ ജോര്‍ജ് പൊന്നയ്യയ്‌ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകളില്‍ ഐപിസിയുടെ 295 എ, 153 എ, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കോടതി നിലനിര്‍ത്തി. ഐപിസി സെക്ഷന്‍ 143, 269, 506(1), എപ്പിഡമിക് ഡിസീസ് ആക്ട്, 1897 സെക്ഷന്‍ 3 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
  Published by:Jayashankar AV
  First published: