• HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തരസൂചികയിലെ പിഴവ് കാരണം ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർഥിക്ക് അധിക മാർക്കും ജോലിയും നൽകാന്‍ കോടതി ഉത്തരവ്

ഉത്തരസൂചികയിലെ പിഴവ് കാരണം ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർഥിക്ക് അധിക മാർക്കും ജോലിയും നൽകാന്‍ കോടതി ഉത്തരവ്

ഈ ആനുകൂല്യം ആദ്യത്തെ പരതിക്കാരി എന്ന നിലയിൽ വിനോപ്രതയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും കാലാവധി കഴിഞ്ഞതിനാൽ മറ്റാരും ഇനി ഇതേ പരാതിയുമായി എത്തരുതെന്നും കോടതി

  • Share this:
ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോർഡ് (ടിആർബി) ഫെബ്രുവരിയിൽ നടത്തിയ പിജി അസിസ്റ്റന്റ് (ഇംഗ്ലീഷ്) നിയമനത്തിനുള്ള പരീക്ഷയിൽ ഉത്തരസൂചികയിലെ പിഴവ് കാരണം ജോലി ലഭിക്കാതിരുന്ന യുവതിക്ക് തുണയായി മദ്രാസ് ഹൈക്കോടതി വിധി. ബോർഡ് ഫെബ്രുവരിയിൽ നടത്തിയ പരീക്ഷയിലാണ് പിഴവ് സംഭവിച്ചത്. യുവതിക്ക് അധിക മാർക്ക് അനുവദിക്കാനും ജോലി നൽകാനും മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് ഉത്തരവിട്ടത്. ശരിയായ രണ്ട് ഉത്തരങ്ങൾ നൽകിയിട്ടും അത് പരിശോധിക്കാതെ തന്നെ ജോലിക്ക് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെ വിനോപ്രതയാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജസ്റ്റിസ് ജിആർ സ്വാമിനാഥനാണ് ഉദ്യോഗാർഥിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.

“ചില സാഹചര്യങ്ങളിൽ ജുഡീഷ്യറിയുടെ ഇടപെടൽ വളരെ അത്യാവശ്യമാണ്. ഉത്തരസൂചിക തെറ്റാണെങ്കിൽ, അതിൽ ന്യായമായ കാര്യങ്ങൾ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ ഇടപെടൽ അനിവാര്യമായി മാറും. അല്ലാത്തപക്ഷം യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള തീരുമാനങ്ങളാണ് ഉണ്ടാവുക,” കോടതി നിരീക്ഷിച്ചു. “ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണെന്നാണ് ചോദ്യമെന്ന് കരുതുക. ഉദ്യോഗാർഥി എഴുതിയ ഉത്തരം നരേന്ദ്ര മോദിയെന്നാണ്. എന്നാൽ ഉത്തര സൂചികയിൽ പറയുന്നത് രാഹുൽ ഗാന്ധിയാണെന്ന് കരുതുക. അതെങ്ങനെ അംഗീകരിക്കാൻ സാധിക്കും,” കോടതി ചോദിച്ചു.

Also Read-തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിന് തൂക്കം കുറവെന്ന് ഭക്തൻ; അത് മെഷീൻ തകരാറു മൂലമെന്ന് ക്ഷേത്രം

വിനോപ്രതയുടെ പരാതിയിൽ തീരുമാനം എടുക്കാൻ കോടതിക്ക് അധികാരം ഇല്ലെന്നായിരുന്നു ബോർഡിൻെറ വാദം. എന്നാൽ, 1983ലെ കാൺപൂർ യൂണിവേഴ്സിറ്റി കേസ് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ വാദത്തെ തള്ളിക്കളഞ്ഞത്. “തെറ്റെന്ന് സുവ്യക്തമായി ബോധ്യമുള്ള കാര്യങ്ങളിൽ കോടതിക്ക് കണ്ണടക്കാൻ സാധിക്കില്ല. ഒട്ടകപ്പക്ഷിയെ പോലെ മണ്ണിൽ തലപൂഴ്ത്തി ഇരിക്കുകയല്ല ഉത്തരവാദിത്വമുള്ള നീതിന്യായ വ്യവസ്ഥയുടെ കർത്തവ്യം,” കോടതി വ്യക്തമാക്കി.

രണ്ട് ചോദ്യങ്ങളിൽ ഒന്നിലെ ഉത്തരസൂചികയിൽ പിഴവുണ്ടെന്ന് കോടതി കണ്ടെത്തുകയും വിനോപ്രതയ്ക്ക് ഒരു മാർക്ക് അധികമായി നൽകാൻ ടിആർബിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഒരു മാ‍ർക്ക് ലഭിച്ചാൽ തന്നെ വിനോപ്രതക്ക് കട്ട് ഓഫ് മാർക്കിലെത്താൻ സാധിക്കും. അതിനാൽ കാലതാമസം കൂടാതെ നിയമന ഉത്തരവ് നൽകാൻ സ്കൂൾ വിദ്യാഭ്യാസ ഡയറക്ട‍ർക്കും കോടതി നിർദ്ദേശം നൽകി. എന്നാൽ ഈ ആനുകൂല്യം ആദ്യത്തെ പരതിക്കാരി എന്ന നിലയിൽ വിനോപ്രതയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും കാലാവധി കഴിഞ്ഞതിനാൽ മറ്റാരും ഇനി ഇതേ പരാതിയുമായി എത്തരുതെന്നും കോടതി കൂട്ടിച്ചേർത്തു.

Also Read-ശ്രീപെരുമ്പത്തൂരിൽ രാജീവ് ​ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം മുതൽ പ്രതികൾ മോചിതരായതു വരെ പ്രധാന നാൾവഴികൾ

ഫെബ്രുവരി 18ന് നടന്ന എഴുത്ത് പരീക്ഷയിൽ വിനോപ്രതയ്ക്ക് 150ൽ 97.77 മാർക്കാണ് ലഭിച്ചത്. ബിസി വിഭാഗത്തിൽ 98.196 ആയിരുന്നു കട്ട് ഓഫ് മാർക്ക്. എമിലി ബ്രോണ്ടിയുടെ വുതറിങ് ഹൈറ്റ്സ് എന്ന നോവലുമായി ബന്ധപ്പെട്ട 71ാമത്തെ ചോദ്യം ഒഴിവാക്കാനായിരുന്നു ബോർഡിൻെറ തീരുമാനം. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ചോദ്യത്തിൽ പിഴവ് സംഭവിച്ചുവെന്നായിരുന്നു ബോർഡിൻെറ വാദം. എന്നാൽ താൻ എഴുതിയ ഉത്തരം ശരിയാണെന്നും അത് പരിഗണിക്കമെന്നുമായിരുന്നു വിനോപ്രത പരാതിയിൽ പറഞ്ഞത്. ചോദ്യത്തിൽ പിഴവ് സംഭവിച്ചതിൻെറ ഉത്തരവാദിത്വം ചോദ്യപേപ്പർ തയ്യാറാക്കിയവർക്കാണെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
Published by:Jayesh Krishnan
First published: