• HOME
 • »
 • NEWS
 • »
 • india
 • »
 • 'മദ്യശാലകൾ വെച്ചിട്ട് പുകയിലയ്‌ക്കെതിരായ സർക്കാരിന്റെ വാദം ചെകുത്താന്റെ വേദവാക്യം പോലെ': മദ്രാസ് ഹൈക്കോടതി

'മദ്യശാലകൾ വെച്ചിട്ട് പുകയിലയ്‌ക്കെതിരായ സർക്കാരിന്റെ വാദം ചെകുത്താന്റെ വേദവാക്യം പോലെ': മദ്രാസ് ഹൈക്കോടതി

നിയമങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ സർക്കാരിന്റെ ഇത്തരം വാദങ്ങൾ മതിപ്പുണ്ടാക്കുമായിരുന്നു എന്നും കോടതി

 • Last Updated :
 • Share this:
  പുകയിലയുടെ (Tobacco) ഉപയോ​ഗത്തിനെതിരായ തമിഴ്നാട് സർക്കാരിന്റെ വാദങ്ങൾ ചെകുത്താന്റെ വേദവാക്യം പോലെയെന്ന് മദ്രാസ് ഹൈക്കോടതി (Madras High Court). പുകയില ഉപഭോഗം ഗുരുതരമായ ആരോഗ്യ വിപത്തുണ്ടാക്കുന്നുവെന്നും ഭരണഘടനയുടെ 47-ാം വകുപ്പിൽ പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ആയിരക്കണക്കിന് മദ്യശാലകൾ വച്ചിട്ട് പുകയിലയ്‌ക്കെതിരായ സർക്കാരിന്റെ വാദം ചെകുത്താന്റെ വേദവാക്യം പോലെ ആണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. നിയമങ്ങൾ പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ സർക്കാരിന്റെ ഇത്തരം വാദങ്ങൾ മതിപ്പുണ്ടാക്കുമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

  ''നിർഭാഗ്യവശാൽ, കാര്യങ്ങൾ അങ്ങനെയല്ല. മദ്യവിൽപനയുടെ അവകാശം തന്നെ സംസ്ഥാനം തങ്ങളുടെ കുത്തകയാക്കി. മദ്യവിൽപനയിലൂടെ തമിഴ്‌നാട് സർക്കാർ വലിയ വരുമാനമാണ് നേടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ കീഴിൽ (Tamil Nadu State Marketing Corporation (TASMAC)) സംസ്ഥാനത്തുടനീളം നിരവധി റീട്ടെയിൽ ഔട്ട്ലെറ്റുകളുമുണ്ട്," കോടതി പറഞ്ഞു.

  ശർക്കരവെള്ളം തളിക്കുന്ന പുകയിലകൾ നിരോധിക്കണമെന്ന തമിഴ്നാട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിന്റെ തീരുമാനത്തിനെതിരായ ഹർജികൾ പരി​ഗണിക്കുകയായിരുന്നു കോടതി. പുകയില നിർമാണവുമായി നേരിട്ടു ബന്ധമില്ലാത്ത കമ്പനികൾ സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരി​ഗണനയിലെത്തിയത്. കർഷകരിൽ നിന്ന് ഇലകൾ വാങ്ങുകയും അവയിൽ ശർക്കരവെള്ളം തളിക്കുകയും ചെറിയ കഷണങ്ങളാക്കി പാക്ക് ചെയ്യുകയുമാണ് ഈ കമ്പനികൾ ചെയ്യുന്നത്.

  ഈ അസംസ്‌കൃത പുകയില മാറ്റത്തിന് വിധേയമാവുകയും അത് മറ്റൊരു ഉൽപന്നമായി ഉയർന്നുവരുകയും ചെയ്യുമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ പറയുന്നത്. പുകയില നിർമാതാക്കൾ അതിൽ നിക്കോട്ടിൻ ചേർക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ അസംസ്കൃത ഇലകളിൽ ശർക്കരവെള്ളം തളിക്കുന്നത് പുകയില നിർമിക്കുന്നതിന് തുല്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

  പച്ചിയപ്പ ചെട്ടിയാറിലെ ഡിവിഷൻ ബെഞ്ചാണ് അസംസ്കൃത ഇലകളിൽ ശർക്കരവെള്ളം തളിക്കുന്നതും അവ ഉണക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ശർക്കരവെള്ളം തളിച്ചാൽ അസംസ്കൃത പുകയില മറ്റേതെങ്കിലും ഉൽപന്നമായി മാറില്ലെന്നും ഇവിടെ നടക്കുന്നത് പുകയില നിർമാണമല്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

  "പരിശോധനാ റിപ്പോർട്ടുകൾ ഞങ്ങൾ പരിശോധിച്ചു. ശർക്കരവെള്ളം തളിക്കുമ്പോൾ ഈ ഇലകളിലെ നിക്കോട്ടിന്റെ അളവിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇതിൽ നിന്നും മനസിലാകും. ഇവയിൽ ഉള്ള ഒരു വസ്തുവാണ് നിക്കോട്ടിൻ. നിർമാതാക്കൾ ഒരു ചേരുവയായി ചേർക്കുന്നതല്ല'', കോടതി പറഞ്ഞു. കഞ്ചാവു പോലെ രാജ്യത്ത് പുകയില കൃഷി നിരോധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "പുകയില കൃഷിയെക്കുറിച്ച് പുകയില കർഷകർക്ക് പരിശീലനം നൽകുന്ന സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിണ്ടിഗലിലെ വേദസന്തൂരിലുണ്ട് എന്നതോർക്കണം. ഹർജിക്കാർ അസംസ്കൃത പുകയില മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും അവർ ഒരു ഭക്ഷ്യ ഉൽപന്നത്തിലും നിക്കോട്ടിൻ കലർത്തുന്നില്ലെന്നും ഞാൻ വിശ്വസിക്കുന്നു," ഹർജി പരി​ഗണിച്ച ജസ്റ്റിസ് ജിആർ സ്വാമിനാഥൻ പറഞ്ഞു.

  പുകയിലയും നിക്കോട്ടിനും ഒരു ഭക്ഷ്യ ഉൽപന്നങ്ങളിലും ചേർക്കരുതെന്നു മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ എന്നും ഹർജിക്കാർ നിയമ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കമ്പനികൾ നൽകിയ ഹർജി പരി​ഗണിച്ച കോടതി ഡിവിഷൻ ബഞ്ച് ഉത്തരവുകൾ റദ്ദാക്കി.
  Published by:user_57
  First published: