മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ രാജിവെച്ചേക്കും. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെയാണ് ഇത്. ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ (Uddhav Thackeray) അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്ന് സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. എന്‍സിപി- കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയോടാണ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളത്. ഉദ്ധവിനോട് എതിര്‍പ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പമുള്ള വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്നാണ് സഞ്ജയ് റാവത്തിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.
വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്ക് മാറിയിരുന്നു. കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പം സേന വിടുമെന്നാണു സൂചന. സ്വതന്ത്രയായി ജയിച്ച ശേഷം 2020ല്‍ ശിവസേനയിലെത്തിയ ഗീത ജയിന് ഇന്നു രാവിലെ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സേനാ എംഎല്‍എമാരായ സഞ്ജയ് റാത്തോഡ്, യോഗേഷ് കദം എന്നിവരും വിമതര്‍ക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
പുലർച്ചെ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് അസമിലെ ഗൂവാഹത്തിയിൽ എത്തി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രന്മാരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഷിൻഡെ അവകാശപ്പെട്ടു. വിമത ക്യാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വൈകിട്ട് അഞ്ച് മണിക്ക് ശിവസേനാ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം ഔദ്യോഗിക വസതിയില്‍ വിളിച്ചിട്ടുണ്ട്. യോഗത്തില്‍ രാജി ഉള്‍പ്പെടെ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. ഇതിനു പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ ട്വീറ്റ് പുറത്തുവന്നത്.
Also Read-
Afghanistan earthquake| അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം: 250ലേറെ പേർ മരിച്ചു, മരണ സംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ
കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ തിരിച്ചെത്താമെന്നാണ് ഷിന്‍ഡെ ഫോണില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചത്.
Also Read -
'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു
ഇതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ട്ടി പ്രസിഡന്റ് ജെ പി നഡ്ഡയുമായി ചര്‍ച്ച നടത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള 'ഓപ്പറേഷന് താമര' പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.