മുംബൈ: അപ്രതീക്ഷിത നീക്കത്തിലൂടെ ശനിയാഴ്ച പുലർച്ചെ അധികാരത്തിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് മൂന്നാം നാൾ രാജിവച്ചൊഴിയേണ്ടി വന്നത് എൻ.സി.പി നേതാവ് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കരുനീക്കത്തിനൊടുവിൽ. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീം കോടതി വിധിക്കു ശേഷമാണ് ഫഡ്നാവിസും അജിത് പവാറും രാജി പ്രഖ്യാപിച്ചത്.
എൻ.സി.പി നേതാവ് ശരത് പവാറിന്റെ സഹോദര പുത്രനും പാർട്ടി നിയമസഭാ കക്ഷി നേതാവുമായ അജിത് പവാറിന്റെ പിന്തുണയിലാണ് മുൻ മുഖ്യമന്ത്രി ഫഡ്നാവിസ് അധികാരത്തിലെത്തിയത്. അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചു. എൻ.സി.പി പിന്തുണയിൽ ബി.ജെ.പി സർക്കാരുണ്ടാക്കിയതെന്ന വാർത്ത ദേശീയ രാഷ്ട്രീയത്തിലും ഞെട്ടലുണ്ടാക്കി. എന്നാൽ തന്റെ അറിവോടെയല്ല അജിത് പവാർ ഫഡ്നാവിസിന് പിന്തുണ നൽകിയതെന്നു വ്യക്തമാക്കി ശരത് പവാറും രംഗത്തെത്തി.
ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറയെ പ്രഖ്യാപിക്കുമെന്ന് ശരത് പവാർ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞതിനു പിന്നാലെയാണ് അജിത് മറുകണ്ടം ചാടിയത്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ കിംഗ് മേക്കറായി അറിയപ്പെട്ടിരുന്ന ശരത് പവാറും സംശയനിഴലിലായി. ഇതോടെ വിശ്വാസ്യത തിരിച്ചു 78 കാരനായ പവാർ രംഗത്തിറങ്ങുകയായിരുന്നു.
ബി.ജെ.പിക്കെതിരെ പവാർ രംഗത്തിറങ്ങിയതോടെ ഉദ്ധവ് താക്കറെയും സർക്കാർ രൂപീകരണത്തിൽ ആദ്യം ഇടഞ്ഞു നിന്നിരുന്ന കോൺഗ്രസ് ദേശീയ നേതൃത്വവും ഒപ്പം ചേർന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം നിയമപരമായി ചോദ്യം ചെയ്യാനും നേതാക്കൾ തീരുമാനിച്ചു. ഇതേത്തുടർന്നാണ് വിശ്വാസ വോട്ടെടുപ്പ് 24 മണിക്കൂറിനുള്ളിൽ നടത്തണമെന്ന ആവശ്യവുമായി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്. നിയമപോരാട്ടം ആരംഭിച്ചതിനൊപ്പം തന്നെ അജിത് പവാർ അടർത്തിയെടുത്തെന്നു കരുതിയിരുന്ന എം.എൽ.എമാരെ എൻ.സി.പി ക്യാമ്പിൽ തിരിച്ചെത്തിക്കാനും പവാറിനു സാധിച്ചു. സുപ്രീം കോടതി ചൊവ്വാഴ്ച കേസിൽ വിധി പറയാനിരിക്കെ തിങ്കളാഴ്ച രാത്രിയോടെ എംഎൽഎമാരെ ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അണി നിരത്തിയുള്ള നീക്കത്തിനു പിന്നിലും ശരത് പവാറായിരുന്നു. ശൂന്യതയിൽ നിന്നും സർക്കാരുണ്ടാക്കാനാകില്ലെന്ന സന്ദേശം നൽകി എതിരാളികളെ മാനസികമായി തകർക്കുകയായായിരുന്നു പവാറിന്റെ ലക്ഷ്യം.
ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കി ശരത് പവാറിനെ സാവധാനം ഒപ്പം നിർത്താമെന്ന കണക്ക് കൂട്ടലിലായിരുന്നു അജിത് പവാർ. എന്നാൽ പവാറിന്റെ ഉറച്ച രാഷ്ട്രീയ നിലപാടിനു മുന്നിൽ ബിജെപിയുടെയും അജിത് പവാറിന്റെയും നീക്കങ്ങൾ തകർന്നടിയുകയായിരുന്നു.
Also Read
മഹാനാടകം; ദേവേന്ദ്ര ഫട്നാവിസ് രാജി വെച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.