മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് 5000 രൂപ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് പ്രതിമാസ സഹായം ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനായി സർക്കാർ 50 കോടി രൂപ നീക്കിവെച്ചതായി മഹാരാഷ്ട്ര വനിതാ ശിശുക്ഷേമമന്ത്രി യഷോമതി താക്കൂർ പറഞ്ഞു. സ്കൂൾ വിദ്യാർഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികൾക്ക് ഇതുകൂടാതെ പ്രത്യേക അലവൻസും പ്രഖ്യാപിച്ചിട്ടുണ്ട്.
''കോവിഡ് മാഹാമാരിക്കാലത്ത് ലൈംഗിക തൊഴിലാളികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അവരുടെ ജീവിതം മുന്നോട്ടുപോകാൻ വഴിയില്ലാത്ത സാഹചര്യത്തിൽ വീണ്ടും സഹായം പ്രഖ്യാപിക്കുകയാണ്. ലൈംഗിക തൊഴിലാളികൾക്ക് ഇത്തരമൊരു ധനസഹായം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. 51.18 കോടി രൂപ ഇതിനായി മാറ്റിവെച്ചു''- മന്ത്രി യഷോമതി താക്കൂർ പറഞ്ഞു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 31,000 പേർക്ക്
സ്കൂൾ വിദ്യാർഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികൾക്ക് അധികമായി 2500 കൂടി നൽകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 31,000ത്തോളം പേർക്ക് ധനസഹായം ലഭിക്കുമെന്നും ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 6406 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 18.02 ലക്ഷമായി. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. മാർച്ച് 24 മുതൽ ലോക്ക്ഡൗണിലേക്ക് പോയ മഹാരാഷ്ട്രയിൽ ഇപ്പോൾ ഏതാണ്ട് എല്ലാ വ്യാവസായിക പ്രവർത്തനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.