• HOME
 • »
 • NEWS
 • »
 • india
 • »
 • എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുറക്കാൻ മഹാരാഷ്ട

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുറക്കാൻ മഹാരാഷ്ട

ക്ലാസ് മുറികളിൽ ഒരേ സമയം 15 മുതൽ 20 വരെ വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിക്കാനാണ് തീരുമാനം

school_class

school_class

 • Share this:
  കഴിഞ്ഞ മാസം കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിൽ സ്‌കൂളുകൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഈ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ജൂലൈ 15 മുതൽ ക്ലാസുകൾ ആരംഭിക്കാമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വർഷ ഗെയ്ക്‌വാഡ് അറിയിച്ചു.

  വിദൂര വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഓൺലൈൻ വിദ്യാഭ്യാസവും തുടർന്നും പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നും അതോടൊപ്പം കൊറോണ മുക്തമായ ഗ്രാമങ്ങളിൽ സുരക്ഷിതമായ രീതിയിൽ സ്‌കൂളുകൾ തുറക്കാനും ക്ലാസുകൾ പുനഃരാരംഭിക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ നടത്തി വരുന്നതായും തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് വർഷ ഗെയ്ക്‌വാഡ് കുറിച്ചു. സംസ്ഥാനത്തുടനീളമുള്ള പരമാവധി വിദ്യാർത്ഥികളിലേക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള, സമന്വയത്തിലൂന്നിയ സമീപനമാണ് ഈ കാലം ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

  സ്‌കൂളിൽ സാധാരണ നിലയിൽ ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും സ്‌കൂൾ ജീവനക്കാരും കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. "ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചകളൊന്നും അനുവദിക്കില്ല", അവർ എഴുതി. സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങളും മുൻകരുതലുകളും പെരുമാറ്റച്ചട്ടവും കൃത്യമായി പാലിക്കണമെന്ന് സ്‌കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

  ഗ്രാമതലത്തിൽ കോവിഡ് 19-ന്റെ പ്രതിരോധത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഗെയ്ക്‌വാഡ് പങ്കുവെച്ചു. ഗ്രാമങ്ങളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനും വേണ്ട മേൽനോട്ടം വഹിക്കാനും സർപാഞ്ചിന്റെ നേതൃത്വത്തിൽ എട്ടംഗ ഗ്രാമതല സമിതികൾ രൂപീകരിക്കും.

  പ്രാദേശിക ജില്ലാ പരിഷത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യും. കളക്റ്റർമാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും സമിതികളുടെ ഭാഗമായി പ്രവർത്തിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാവിധ മാർഗനിർദേശങ്ങളും പിന്തുടരാൻ സ്‌കൂളുകൾ ബാധ്യസ്ഥമാണ്. സ്‌കൂൾ ക്യാമ്പസിനുള്ളിൽ ഇടയ്ക്കിടെ വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിക്കാനുള്ള സംവിധാനവും ഉറപ്പു വരുത്തണം.

  സ്‌കൂൾ ക്യാമ്പസിനകത്ത് ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള പ്രത്യേക പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള നടപടികളും സ്‌കൂൾ അധികൃതർ കൈക്കൊള്ളണം. ക്ലാസ് മുറികളിൽ ഒരേ സമയം 15 മുതൽ 20 വരെ വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം രാജ്യത്ത് സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം പുനഃരാരംഭിച്ചിട്ടില്ല.
  Published by:Anuraj GR
  First published: