• HOME
 • »
 • NEWS
 • »
 • india
 • »
 • Maharashtra Crisis| മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

Maharashtra Crisis| മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ഭരണപ്രതിസന്ധി ഉടലെടുത്ത ജൂൺ 22 മുതൽ സർക്കാർ പുറത്തിറക്കിയ പ്രമേയങ്ങളുടെയും സർക്കുലറുകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു

 • Share this:
  മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) ഉദ്ധവ് താക്കറെയോട് (Uddhav Thackeray) ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്. ഗുവാഹത്തിയിലുള്ള വിമത ശിവസേനാ എംഎൽഎമാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. അതേസമയം, വിശ്വാസ വോട്ടെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ശിവസേന ഒരുങ്ങുന്നത്.

  മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സമ്മേളനം വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ധവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.

  Also Read- Udaipur Murder | ഉദയ്പുര്‍ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; രാജസ്ഥാനില്‍ കനത്ത ജാഗ്രത

  തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി ജെ പി കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്ര ഫഡ്നവിസ് ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ധവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ധവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

  മഹാവികാസ് അഘാഡി സർക്കാരിന്റെ ഭാഗമായിരുന്ന 39 ശിവസേന എംഎൽഎമാർ സർക്കാരിൽ നിന്ന് പുറത്തു പോയിരിക്കുകയാണ്. അവർക്ക് എൻസിപി - കോൺഗ്രസ് സഖ്യത്തോടൊപ്പം തുടരാൻ സാധിക്കില്ലെന്നാണ് പറയുന്നത്. സുപ്രീം കോടതി നിർദ്ദേശങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമായ തീരുമാനം ഗവർണർ എടുക്കുമെന്നാണ് കരുതുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

  ഭരണപ്രതിസന്ധി ഉടലെടുത്ത ജൂൺ 22 മുതൽ സർക്കാർ പുറത്തിറക്കിയ പ്രമേയങ്ങളുടെയും സർക്കുലറുകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്കിട്ട് ഉത്തരവുകൾ ഇറക്കിയത് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. വിമത എംഎൽഎമാരോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടെങ്കിലും മഹാവികാസ് അഘാഡി സഖ്യം വിടാതെ താക്കറയെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡ‍െ വിഭാഗം.

  Also Read- Udaipur Murder | വധഭീഷണിയുണ്ടെന്ന കനയ്യയുടെ പരാതിയില്‍ ജാഗ്രത പുലര്‍ത്തിയില്ല; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

  അതേസമയം, വിമത എം എൽ എമാർ പാർട്ടിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളെ അറിയിച്ചു. ‘നിങ്ങളുടെ ഹൃദയത്തിൽ ശിവസേനയുണ്ടെങ്കിൽ, പാർട്ടിയിലേക്ക് തിരിച്ചെത്തണമെന്ന്’ ചൊവ്വാഴ്ച മുഖ്യമന്ത്രി വിമത എം എൽ എമാരോട് അഭ്യർഥിച്ചിരുന്നു. സർക്കാരിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം ഏക്‌നാഥ് ഷിൻഡെ സംഘത്തിനില്ലെന്ന് എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ പറഞ്ഞു.
  Published by:Rajesh V
  First published: