ന്യൂഡല്‍ഹി: മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട് എന്ന് മഹാരാഷ്ട്ര സ്റ്റാന്‍ഡിംഗ് അഭിഭാഷകന് സച്ചിന് പാട്ടീല്‍ അറിയിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകന് സുധന്‍ഷു എസ് ചൗധരി പറഞ്ഞു. തിങ്കളാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനു ശേഷം അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. 52 പേജുള്ള വിധിന്യായത്തില്‍ സംസ്ഥാന പൊലീസിലുള്ള പൗരന്റെ വിശ്വാസത്തെ അപകടത്തിലാക്കിയെന്ന് ഹൈക്കോടതി പറഞ്ഞു.
മൂന്ന് പൊതു താല്പര്യ ഹര്‍ജികള്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ മുന്‍പിലെത്തിയത്. ഒന്ന് മുന്‍ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് നല്‍കിയതാണ്. മറ്റു രണ്ടെണ്ണം അഭിഭാഷകന് ജയശ്രീ പാട്ടിലും പ്രാദേശിക അധ്യാപകന് മോഹന്‍ ഭൈഡെയും സമര്‍പ്പിച്ചതാണ്. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അസാധാരണമായതും അഭൂതപൂര്‍വുമായ കേസാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അറിയിച്ചുകൊണ്ട് സിബിഐയോട് പ്രഥമിക അന്വേഷണ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.
Also Read-
സിബിഐ അന്വേഷണം; മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു; ദിലീപ് പാട്ടീല്‍ ആഭ്യന്തരമന്ത്രിയാകുംമുംബൈയിലെ ബാറുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നൂറു കോടി രൂപ പിരിച്ചെടുക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു. അനില്‍ ദേശ്മുഖിനെതിരെ അടിയന്തരവും സ്വതന്ത്രപരവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരംബിര്‍ സിങ് ഈ മാസം ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും 100 കോടി രൂപ പിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വേസിനോട് ദേശ്മുഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് സച്ചിന് വേസ് ഉള്‍പ്പെടെയുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ യോഗം ചേര്‍ന്നിരുന്നെന്നും മുന്‍ പൊലീസ് മേധാവി പരംബിര്‍ സിങ് ആരോപിച്ചിരുന്നത്.
പ്രാഥമിക അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി തുടര്‍നടപടികളെക്കുറിച്ച് തീരുമാനമെടുക്കാന്‍ സിബിഐ ഡയറക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം തുടരുന്നതുവരെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എന്‍സിപി മേധാവി ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചതായി ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. അതേസമയം ആഭ്യന്തരമന്ത്രിയായി ദിലീപ് പാട്ടീല്‍ അധികാരമേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ശരിയായ അന്വേഷണം ബിജെപി ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തില്‍ ന്യായമായും കൃത്യമായ അന്വേഷണം ആവശ്യമാണ്. അതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.