കൊറോണ വൈറസ് (Corona Virus) ലോകം മുഴുവൻ വ്യാപിച്ചത് വളരെ പെട്ടന്നായിരുന്നു. പിന്നീട് ലോക രാജ്യങ്ങൾ കോവിഡ് മഹാമാരിയെ (Covid Pandemic) ചെറുക്കാനുള്ള മാർഗങ്ങൾ തേടി. അങ്ങനെയാണ് ലോകത്ത് തന്നെ ആദ്യമായി ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കൊറോണയ്ക്കെതിരെ വാക്‌സിൻ (Vaccine) കണ്ടെത്തിയത്. പൂർണമായും കൊറോണയെ നശിപ്പിക്കാൻ സാധ്യമല്ലെങ്കിലും രോഗതീവ്രത കുറയ്ക്കാൻ വാക്‌സിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ കോവാക്സിനും കോവിഷീൽഡുമാണ് പ്രധാനമായും ജനങ്ങൾക്ക് നൽകുന്നത്.
കൊറോണ വൈറസിനെ നേരിടാനുള്ള വാക്‌സിൻ നിർബന്ധമായും എല്ലാവരും എടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒരുപാടുപേർ വാക്‌സിൻ എടുക്കാൻ വിമുഖത കാണിച്ചു. വാക്‌സിൻ എടുക്കുന്നത് കൊണ്ട് മറ്റ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മിഥ്യാധാരണ ജനങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരാണ് ഭൂരിഭാഗവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിശ്ചിത ഇടവേളയിൽ ഒരേ വാക്‌സിൻ രണ്ട് ഡോസ് ആയി എടുത്താലാണ് വാക്‌സിനേഷൻ ഫലപ്രദമാവുക.
കൊറോണ വൈറസിനെതിരെ വാക്സിനേഷൻ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുന്ന, മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളിലെ ആളുകളെ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ബോളിവുഡ് നടൻ സൽമാൻ ഖാനെ (Salman Khan) ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ പദ്ധതിയിടുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പ് അറിയിച്ചു. കോവിഡ്-19 വാക്സിൻ നൽകുന്നതിൽ മുൻനിരയിലുള്ള സംസ്ഥാനമാണ് മഹാരഷ്ട്ര. എന്നാൽ മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളിൽ മാത്രം വാക്‌സിൻ എടുത്തവരുടെ എണ്ണം വളരെ കുറവാണ്. ഇത് കണക്കിലെടുത്താണ് മഹാരാഷ്ട്ര ഗവണ്മെന്റ് സൽമാൻ ഖാനെ മുൻ നിർത്തി വാക്സിൻ പ്രചരണത്തിന് ലക്ഷ്യമിടുന്നത്.
"മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ജനങ്ങൾക്ക് വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖതയുണ്ട്. വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്താനായി സൽമാൻ ഖാനെയും മത നേതാക്കളെയും ഉപയോഗപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു", തിങ്കളാഴ്ച ജൽനയിൽ റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. മതനേതാക്കളും സിനിമാ അഭിനേതാക്കളും ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിനാൽ ജനങ്ങൾ അവരെ അനുസരിക്കാൻ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതുവരെ 10.25 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനത്തു നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ യോഗ്യതയുള്ള എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ നൽകുമെന്നുംടോപ് പറഞ്ഞു.
എല്ലാവർക്കും വാക്‌സിൻ നൽകിയാൽ കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗം അതി തീവ്രമാകാതെ നിയന്ത്രിക്കാനാകുമെന്നും ടോപ് പറഞ്ഞു. എല്ലാവരുംകോവിഡ്-19 സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid Vaccination, India, Maharashtra Govt, Salman Khan