• HOME
  • »
  • NEWS
  • »
  • india
  • »
  • Dawood Ibrahim | ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാട്; മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക് അറസ്റ്റിൽ

Dawood Ibrahim | ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാട്; മഹാരാഷ്ട്രയിലെ മന്ത്രി നവാബ് മാലിക് അറസ്റ്റിൽ

ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ്, ഇഖ്ബാല്‍, കൂട്ടാളി ഛോട്ടാ ഷക്കീല്‍ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിന് നേരത്തെ സമന്‍സ് നല്‍കിയിരുന്നു

Nawab_malik

Nawab_malik

  • Last Updated :
  • Share this:
    മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി (Dawood Ibrahim) ഹവാല ഇടപാട് നടത്തിയെന്ന ആരോപണത്തിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിനെ (Nawab Malik) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. എൻ സി പിയുടെ മുതിർന്ന നേതാവാണ് നവാബ് മാലിക്. 1993ലെ സ്ഫോടനപരമ്പര കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയെന്ന ആരോപണത്തിൽ രാവിലെ മുതൽ നവാബ് മാലികിനെ ചോദ്യം ചെയ്തുവരികയായിരുന്നു. ഇച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നവാബ് മാലികിനെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി എൻ സി പി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി.

    ദാവൂദ് ഇബ്രാഹിം, സഹോദരന്‍ അനീസ്, ഇഖ്ബാല്‍, കൂട്ടാളി ഛോട്ടാ ഷക്കീല്‍ തുടങ്ങിയവര്‍ക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിന് നേരത്തെ സമന്‍സ് നല്‍കിയിരുന്നു. ഇന്ന് രാവിലെ എട്ട് മണിക്ക് മുംബൈയിലെ ഇ ഡി കാര്യാലയത്തിൽ ഹാജരാകാനായിരുന്നു നിർദേശം. കഴിഞ്ഞയാഴ്ച ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

    ദാവൂദുമായി അടുപ്പമുണ്ടായിരുന്ന സര്‍ദാര്‍ ഷവാലി ഖാന്‍, ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ അംഗരക്ഷകന്‍ സലീം പട്ടേല്‍ എന്നിവരുമായി നവാബ് മാലിക്ക് ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭൂമി ഇടപാടിലൂടെ നവാബ് മാലിക്ക് കോടികള്‍ വിലമതിക്കുന്ന വസ്തു വെറും 30 ലക്ഷം രൂപക്ക് സ്വന്തമാക്കിയെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇഡിയുടെ അന്വേഷണം നടന്നത്.

    നവാബ് മാലിക്കും അദ്ദേഹവുമായി അടുപ്പമുള്ളവർ മഹാരാഷ്ട്രയിൽ നടത്തുന്ന ബിസിനസ് ഇടപാടുകളും ഇ.ഡി നിരീക്ഷിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൌണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് മുംബൈയിലെ ചില കേന്ദ്രങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.

    Also Read- Muslim Personal Law | മുസ്ലീം വ്യക്തി നിയമം; 45 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിധവയ്ക്കും മകള്‍ക്കും പൂര്‍വ്വിക സ്വത്ത് നഷ്ടമായി

    നേരത്തെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ പരസ്യ വിമർശനവുമായി നവാബ് മാലിക് നിരവധി തവണ രംഗത്തെത്തിയിരുന്നു. ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ദുരൂഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബി.ജെ.പി നേതാക്കളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത് മാലിക്കായിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി സമീർ വാംഖഡെയ്ക്കെതിരെ ആരോപണം ഉന്നയിച്ചതും മാലിക്കായിരുന്നു.

    പിന്നാലെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും മാലിക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫഡ്നാവിസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ദാവൂദിന്‍റെ അടുപ്പക്കാരുമായി മാലിക് ഭൂമി ഇടപാട് നടത്തിയെന്ന ആരോപണം ആദ്യമായി ഉയർന്നത്. ഈ വിഷയത്തിൽ രേഖകൾ ഉയർത്തിക്കാട്ടിയാണ് ഫഡ്നാവിസ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഇഡി കേസെടുത്തത്.
    Published by:Anuraj GR
    First published: