നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra | 5000ത്തോളം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരണമടഞ്ഞു

  Maharashtra | 5000ത്തോളം സ്ത്രീകളുടെ പ്രസവമെടുത്ത നഴ്‌സ് സ്വന്തം പ്രസവത്തിനിടെ മരണമടഞ്ഞു

  ജ്യോതി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു.

  News18

  News18

  • Share this:
   ഒട്ടേറെ സ്ത്രീകളുടെ പ്രസവമെടുത്തമഹാരാഷ്ട്ര (Maharashtra) സ്വദേശിനിയായ നഴ്‌സ് (Nurse) സ്വന്തം പ്രസവത്തിനിടെ മരിച്ചു. 5000 സ്ത്രീകളെ പ്രസവത്തിന് സഹായിച്ച സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി ജ്യോതി ഗാവ്ലിയാണ് ഞായറാഴ്ച സ്വന്തം കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരണപ്പെട്ടത്. ഹിംഗോളിയിലെ പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു വിഭാഗത്തില്‍ (Neonatal Department) ജോലി ചെയ്യുകയായിരുന്നു 38 കാരിയായ ജ്യോതി ഗാവ്ലി. ഈ ആശുപത്രിയില്‍ നടക്കുന്ന സാധാരണ പ്രസവത്തിലും സിസേറിയനിലും നഴ്സായി ജ്യോതി ജോലി ചെയ്തിട്ടുണ്ട്.

   നഴ്സ് ജോലിയില്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന ജ്യോതി ഗാവ്ലി സ്വന്തം പ്രസവത്തിനായി തിരഞ്ഞെടുത്തതും താന്‍ ജോലി ചെയ്യുന്ന അതേ ആശുപത്രിയായിരുന്നു. നവംബര്‍ രണ്ടിനായിരുന്നു ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജ്യോതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് ആരോഗ്യവാനായിരുന്നു, പക്ഷേ ജ്യോതിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് അവരെ നാന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   പ്രസവശേഷം രക്തസ്രാവം തടയാനാകാതെ വന്നപ്പോഴാണ് ജ്യോതിയെ നാന്ദേഡ് ആശുപത്രിയിലേക്ക് മാറ്റിയത്. നാന്ദേഡ് ആശുപത്രിയിലെ ചികിത്സയ്ക്കും ജ്യോതിയുടെ നില മെച്ചപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ശ്വസിക്കുന്നതിലും ബുദ്ധിമുട്ട്നേരിടേണ്ടി വന്നതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ ഔറംഗബാദ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ അവരെ ഔറംഗബാദ് ആശുപത്രിയിലെത്തിക്കാനായില്ല.

   അവരുടെ നില കൂടുതല്‍ ഗുരുതരമായതോടെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാന്ദേഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജ്യോതിയെ പ്രവേശിപ്പിക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ അവരുടെ ആരോഗ്യ നിലയില്‍ കുറച്ച് പുരോഗതി ഉണ്ടായെങ്കിലും, അവര്‍ക്ക് വീണ്ടും ശ്വാസതടസ്സം ഉണ്ടായതോടെ അവസ്ഥ വീണ്ടും വഷളാകുകയായിരുന്നു. ഞായറാഴ്ച രാവിലെ അവര്‍ക്ക് വീണ്ടും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് നാന്ദേഡിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ജ്യോതി മരണപ്പെട്ടു.

   കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നഴ്സായി ജോലി ചെയ്യുകയാണ് ജ്യോതി. നേരത്തെ ഗോരേഗാവിലെ ആശുപത്രിയില്‍ നഴ്സായി അവർ സേവനമനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ നഴ്സായി 5000ത്തോളം ഗര്‍ഭിണികളുടെ പ്രസവത്തില്‍ അവര്‍ സഹായിച്ചു.

   ജ്യോതിയുടെ മരണത്തില്‍ സഹപ്രവര്‍ത്തകരും കടുത്ത ദു:ഖത്തിലാണ്. ജ്യോതി ഗാവ്ലിക്ക് തന്റെ ആശുപത്രിയില്‍ എത്തുന്ന എല്ലാ സ്ത്രീകളുമായും പ്രത്യേകിച്ച് ഗര്‍ഭിണികളുമായി എളുപ്പത്തില്‍ ഇടപെടാന്‍ സാധിച്ചിരുന്നു. പ്രസവിക്കാനെത്തുന്ന സ്ത്രീകളുമായും ജ്യോതിക്ക് സൗഹൃദം സ്ഥാപിക്കാന്‍ അധികനാള്‍ വേണ്ടിവരാറില്ല. നല്ല മനസിന്റെ ഉടമയായ ഒരാള്‍ക്കാണ് ദാരുണമായ ഈ വിധി സംഭവിച്ചതെന്നതും നവജാത ശിശുക്കളെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിൽ സന്തോഷിപ്പിച്ചിരുന്ന ജ്യോതി ഗാവ്ലിക്ക് സ്വന്തം കുഞ്ഞിനെ കൈയിലെടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നതും സഹപ്രവര്‍ത്തകരെ സങ്കടത്തിലാഴ്ത്തുന്നു. ജ്യോതിയുടെ മരണത്തോടെ പ്രദേശത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ വേണമെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
   Published by:Sarath Mohanan
   First published:
   )}