• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Crisis | അയോഗ്യത നീക്കത്തിനെതിരെ വിമതര്‍ സുപ്രീംകോടതിയില്‍ ; ഹര്‍ജി നാളെ പരിഗണിക്കും

Maharashtra Crisis | അയോഗ്യത നീക്കത്തിനെതിരെ വിമതര്‍ സുപ്രീംകോടതിയില്‍ ; ഹര്‍ജി നാളെ പരിഗണിക്കും

ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്

  • Last Updated :
  • Share this:
    മഹാരാഷ്ട്രയില്‍ ഒരാഴ്ചയിലേറെയായി നടക്കുന്ന രാഷ്ട്രീയ നാടകം ഇനി സുപ്രീംകോടതിയിലേക്ക്. തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.

    ഞായറാഴ്ച വൈകീട്ട് 6.30-നാണ് ഷിന്‍ഡെ ഹര്‍ജി ഫയല്‍ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിമത നീക്കത്തിന് പിന്നാലെ ഷിന്‍ഡെയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

    ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുന്നത് വരെ അയോഗ്യത നോട്ടീസിന്‍മേലുള്ള തുടര്‍ നടപടികള്‍ തടയണമെന്നും ഏക്‌നാഥ് ഷിന്‍ഡെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.ഗുവഹാട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഷിന്ദേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

    അതേസമയം, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ തിരികെയെത്തിക്കാന്‍  ശിവസേന നീക്കമാരംഭിച്ചു. ഏക്നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരില്‍ 20 പേരുമായി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയെന്നാണ് സൂചന. വിമത പക്ഷത്തെ ചിലര്‍ തിരികെ ശിവസേനയിലെത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ശിവസേന എംപി  അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    പാര്‍ട്ടിയെ ചതിച്ചുപോയവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ഒരു മന്ത്രി കൂടി ഇന്ന് വിമതപക്ഷത്തെത്തി. ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പമെത്തിയത്.

    അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ്‌ ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

    വിമതപക്ഷത്തുള്ള ഭന്ധാര എംഎല്‍എ ആയ നരേന്ദ്ര ഭോന്ദേകറുടെ ജന്മദിനം വിമതര്‍ തങ്ങുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങളും ഷിന്‍ഡെ പക്ഷം പുറത്തുവിട്ടിട്ടുണ്ട്.
    Published by:Arun krishna
    First published: