ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികൾ ബി.ജെ.പി വോട്ട് ഭിന്നിപ്പിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ മഹാസഖ്യം. ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളാണെന്നും ജനങ്ങൾ കൂടെയില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അഖിലേഷ് യാദവും മായാവതിയും വിമർശിച്ചു. ഇതോടെ തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വിശദീകരണവുമായി പ്രിയങ്ക ഗാന്ധി തന്നെ രംഗത്തെത്തി.
ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ കരുത്തരായ സ്ഥാനാർഥികൾ ജയിക്കുമെന്നും അല്ലാത്തിടത്ത് ബി.ജെ.പി വോട്ടിൽ വിള്ളൽ ഉണ്ടാക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രിയങ്ക പറഞ്ഞത്. ഈ പരാമർശത്തിന് എതിരെയാണ് മായാവതിയും അഖിലേഷ് യാദവും രംഗത്ത് വന്നത്. ബി.ജെ.പിയും കോൺഗ്രസും മഹാസഖ്യത്തിന് എതിരെയാണ് മത്സരിക്കുന്നതെന്നും രാഹുൽ ഗാന്ധി പാർലമെന്‍റിൽ മോദിയെ കെട്ടിപിടിച്ചത് ഇതിന് ഉദാഹരണമാണെന്നും മായവതി ആരോപിച്ചു.
തോൽക്കാൻ വേണ്ടി ആരും മത്സരിക്കില്ലെന്നും കോൺഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മായാവതിയും അഖിലേഷും നിലപാട് കടുപ്പിച്ചതോടെ തന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക നിലപാടു മാറ്റി. ബി.ജെ.പിയെ സഹായിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണെന്നും കോൺഗ്രസ് സ്ഥാനാർഥികൾ ശക്തമായി പോരാടുമെന്നും പ്രിയങ്ക അറിയിച്ചു.
കോൺഗ്രസും എസ്.പിയും ബി.എസ്.പിയും ജനങ്ങളെ കബളിപ്പിക്കാൻ നാടകം കളിക്കുകയാണെന്നും ബിജെപി പരിഹസിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.