മഹാവീര്‍ ജയന്തി ദിനത്തില്‍ (mahavir jayanti) കോര്പ്പറേഷന് പരിധിയില്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും ഇറച്ചി വില്‍പ്പനയും (meat sale) നിരോധിച്ചുകൊണ്ട് അഗര്‍ത്തല മുനിസിപ്പല്‍ കോര്പ്പറേഷന് (AMC) വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇന്ന് (ഏപ്രില്‍ 14 വ്യാഴാഴ്ച) കോര്പ്പറേഷന് പരിധിയില്‍ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യരുതെന്നും ഇറച്ചി വില്‍ക്കരുതെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് അഗര്‍ത്തല മുനിസിപ്പല്‍ കോര്പ്പറേഷൻ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ഇത് മഹാവീര്‍ ജയന്തിയോട് കാണിക്കുന്ന ആദരവിന്റെ അടയാളമാണെന്ന് എഎംസി മേയര്‍ ദീപക് മജുംഗര് പറഞ്ഞു. ഇത് ഒരു പുതിയ കാര്യമല്ല. നേരത്തെയും ഇത്തരം ഉത്തരവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ അനിയന്ത്രിതമായി കശാപ്പ് ചെയ്യുന്നത് തടയുന്നതിനുള്ള പദ്ധതി കോര്പ്പറേഷന് ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 20-നകം ആവശ്യമായ അനുമതി വാങ്ങാനും അപേക്ഷ നല്‍കാനും രജിസ്റ്റര്‍ ചെയ്യാനും മുനിസിപ്പല്‍ കോര്പ്പറേഷന് ഇറച്ചിക്കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മഹാവീര്‍ ജയന്തി ദിനത്തില്‍ ഇറച്ചി വില്‍പ്പന നിര്‍ത്തിവെയ്ക്കാനുള്ള അധികൃതരുടെ നീക്കം ഇറച്ചി കച്ചവടക്കാരുടെ ജോലി ചെയ്യാനുള്ള അവകാശത്തെ തടയുന്നതാണെന്നും സ്വാതന്ത്രത്തിനും ഉപജീവനത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികൾ വിമര്‍ശിച്ചു.
'ഇത് മറ്റ് സമുദായങ്ങളില്‍ നിന്നുള്ള ആളുകളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. ഞങ്ങള്‍ മഹാവീറിനെ ബഹുമാനിക്കുകയും അദ്ദേഹത്തെ ആരാധിക്കുന്നവരുടെ ജീവിതശൈലിയെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റ് സമുദായക്കാരായ ആളുകളുടെ ഭക്ഷണ ശീലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഈ രാജ്യത്തിന്റെ മതേതര സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ്,'' സിപിഐ(എം) സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
അതേസമയം, ജൈന സമുദായക്കാര്‍ ഒരു ജീവനും ദോഷം വരാതിരിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് ഭരണകക്ഷിയായ ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ പറഞ്ഞു. ജൈന മതം ഇന്ത്യയിലെ ഒരു ന്യൂനപക്ഷ സമുദായമാണെന്നും തന്റെ പാര്‍ട്ടി എല്ലായ്പ്പോഴും ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാന്‍ വേണ്ടി മാത്രമാണ് ഈ വിജ്ഞാപനം. ആരുടെയും സ്വാതന്ത്ര്യം തടയുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയില്‍, പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഇറച്ചി വില്‍ക്കുന്നത് നിരോധിക്കണമെന്ന് ത്രിപുര ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. അറവുശാലകള്‍ സ്ഥാപിക്കുന്നതിനും ഉചിതവും ശാസ്ത്രീയവുമായ രീതിയില്‍ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും ദീര്‍ഘകാല പദ്ധതി തയ്യാറാക്കാനും അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകനായ അങ്കന്‍ തിലക് പോള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് ഫെബ്രുവരി 22ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് എസ് ജി ചതോപാധ്യായയും ചേര്‍ന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. നഗരത്തില്‍ ഇറച്ചി വില്‍പ്പനയ്ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് അറവുശാലകള്‍ സ്ഥാപിക്കാനുള്ള അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തിന് തൊട്ടുമുമ്പായിരുന്നു കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.