ന്യൂഡല്‍ഹി: മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ് വിട്ടു. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകി. മൂന്ന് പതിറ്റാണ്ട് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതായി രാജിക്കത്തിൽ സുഷ്മിത വ്യക്തമാക്കി. പാർട്ടി, നേതാക്കൾ, സഹപ്രവർത്തകർ, പാർട്ടി അംഗങ്ങൾ എന്നിവർക്ക് നന്ദി. പാർട്ടിക്ക് ഒപ്പമുണ്ടായിരുന്നത് ഒട്ടേറെ ഓർമകൾ നിറഞ്ഞ യാത്രയായിരുന്നു. നൽകിയ ഉപദേശങ്ങൾക്കും അവസരങ്ങൾക്കും സോണിയ ഗാന്ധിക്ക് വ്യക്തിപരമായി നന്ദി അറിയിക്കുന്നതായും കത്തിൽ വ്യക്ത മാക്കിയിട്ടുണ്ട്.
പൊതുപ്രവർത്തനത്തിൽ പുതിയ അധ്യായം ആരംഭിക്കുകയാണെന്നും രാജിക്കത്തിൽ സുഷ്മിത രാജിക്കത്തിൽ പറയുന്നു. എന്നാൽ രാജിവെക്കുന്നതിന്റെ കാരണം കത്തിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം നേതൃത്വവുമായി ഏറെ നാളായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടർന്ന് സുഷ്മിത നേരത്തെ രാജി ഭീഷണി മുഴക്കിയിരുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് അസം കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു. രാജിക്ക് പിന്നാലെ സുഷ്മിത ട്വിറ്ററിൽ വ്യക്തിഗത വിവരങ്ങൾ മാറ്റി. കോൺഗ്രസ് വാട്സ്അപ്പ് ഗ്രൂപ്പിൽ നിന്നും ഒഴിവായി. നേരത്തെ ട്വിറ്റർ സുഷ്മിതയുടെ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. പീഡനത്തിന് ഇരയായി മരിച്ച ദളിത് പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കു വെച്ചിരുന്നു. ഈ ചിത്രം പ്രചരിപ്പിച്ചതിന് നിരവധി കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു.
പശ്ചിമ ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സന്തോഷ് മോഹൻ ദേവിന്റെ മകളായ സുഷ്മിത 16-ാം ലോക് സഭയിൽ അംഗമായിരുന്നു. അസമിലെ സിൽച്ചറിൽ നിന്നായിരുന്നു സുഷ്മിത തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതൽ 2014 വരെ അസം നിയമസഭാംഗവുമായിരുന്നു. 2019 സെപ്തംബർ 9 നായിരുന്നു മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ പദവിയിലെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.