പാക്കിസ്ഥാനിൽ നിന്നുമുള്ള ഹിന്ദുക്കൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നതായി റിപ്പോർട്ടുകൾ. ഹരിദ്വാറിലെത്തി പ്രാർത്ഥിക്കാനും രാജസ്ഥാനിലെ ജോധ്പൂരിലുള്ള ബന്ധുക്കളെ സന്ദർശിക്കാനുമെന്നുള്ള വ്യാജേനയാണ് ഇവർ ഇന്ത്യയിലേക്ക് എത്തുന്നതെന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ, 14 മുതൽ 45 വരെ അംഗങ്ങളുള്ള 64 ഓളം സംഘങ്ങൾ അട്ടാരി അതിർത്തി വഴി ഇന്ത്യയിലെത്തിയാതും അവരിൽ ഭൂരിഭാഗവും തിരികെ പോകാതെ ഇന്ത്യയിൽ അഭയം തേടിയതായും ഒരു മുതിർന്ന ഇന്റലിജൻസ് ഓഫീസർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇവരുടെ പക്കൽ ദൈനംദിന ആവശ്യത്തിനായുള്ള ചെറിയ വീട്ടുപകരണങ്ങൾ പോലും ഉണ്ടെന്നും ഇന്ത്യയിൽ തന്നെ തുടരാനാണ് അവരുടെ ശ്രമമെന്നും സുരക്ഷാ ഏജൻസികൾ കരുതുന്നു. എന്തുകൊണ്ടാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കൾ തങ്ങളുടെ രാജ്യം വിട്ട് ഇന്ത്യയിലേക്ക് കുടിയേറാൻ ഇത്രയധികം വ്യഗ്രത കാണിക്കുന്നത് എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.
മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പീഡനം, സർക്കാരിന്റെ നിസംഗത, പാകിസ്ഥാനിലെ ഭൂരിപക്ഷമായ മുസ്ലീം സമുദായം കാണിക്കുന്ന വിവേചനം, ദാരിദ്ര്യം എന്നിവയൊക്കെയാകാം പാക്കിസ്ഥാനിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കു കുടിയേറാൻ കാരണമെന്ന് ചില വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇവരുടെ ബന്ധുക്കൾ ഇന്ത്യയിലുണ്ട് എന്നതാണ് മറ്റൊരു കാരണം.
പാക്കിസ്ഥാനിലെ സിം കാർഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ തങ്ങളെ അനുവദിക്കുന്നില്ലെന്നും അതിർത്തി കടക്കുന്നതിന് മുമ്പ് പാക്ക് ഉദ്യോഗസ്ഥർക്ക് കൈമാറാൻ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അത് എന്തിനാണെന്ന് അറിയില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. തങ്ങളെപ്പോലുള്ളവരുടെ ഇന്ത്യയിലേക്കുള്ള വരവ് സുഗമമാക്കാൻ ട്രാവൽ ഏജന്റുമാരും പാക്കിസ്ഥാനിൽ ഉണ്ടെന്നും വിസാ പ്രൊസസിങ്ങ് മുതൽ യാത്രാ ക്രമീകരണങ്ങൾക്കു വരെ ഇവർ തങ്ങളെ സഹായിക്കാറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.
അനധികൃതമായി ഇന്ത്യയിൽ എത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടേക്കാം എന്നു പറഞ്ഞപ്പോൾ ആ ജയിൽ ഇന്ത്യയിൽ ആയിരിക്കുമല്ലോ എന്നായിരുന്നു ഒരാളുടെ മറുപടി. ഹരിദ്വാർ സന്ദർശിക്കാനെന്ന പേരിൽ വരുന്ന പലരും അവിടെ പോകുക പോലും ചെയ്യുന്നില്ല എന്നും ജോധ്പൂരിലെ അവരുടെ ബന്ധുക്കൾക്കൊപ്പം താമസിക്കുകയാണ് എന്നും ചില ഇന്റലിജൻസ് വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അവർ തന്നെ തിരിച്ചുപോകാൻ തയ്യാറല്ല എന്നും എന്നും ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നും പാകിസ്ഥാനിൽ നിന്നുള്ള 14 അംഗ ബന്ധുസംഘത്തെ സ്വീകരിക്കാനെത്തിയ ജോധ്പൂർ നിവാസിയായ ബാബു റാം പറയുന്നു. എന്നാൽ പാകിസ്ഥാനിൽ ഇവർക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും ബാബു റാം കൂട്ടിച്ചേർത്തു.
2012 ൽ പാകിസ്ഥാനിൽ നിന്നും നൂറുകണക്കിന് ഹിന്ദുക്കളാണ് മതപീഡനങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഇന്ത്യയിലേക്ക് കുടിയേറിയത്. ”ജനങ്ങൾക്കിടയിൽ വിവേചനമൊന്നുമില്ല, എന്നാൽ ഭരണഘടനയിൽ വിവേചനമുണ്ട്. കാരണം, മുസ്‌ലിംകളല്ലാത്തവർക്ക് രാഷ്ട്രപതി, പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾക്കൊന്നും അർഹതയില്ല”, പാകിസ്ഥാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ജപാൽ ഛാബ്രിയ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.