• HOME
  • »
  • NEWS
  • »
  • india
  • »
  • College | പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ചെത്തി; ആൺകുട്ടിയെ കോളേജിൽ പ്രവേശിപ്പിക്കാതെ അധികൃതർ

College | പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ചെത്തി; ആൺകുട്ടിയെ കോളേജിൽ പ്രവേശിപ്പിക്കാതെ അധികൃതർ

പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുള്ള കയ്യില്ലാത്ത ടോപ്പാണ് പുൾകിത് ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിച്ച് കൊണ്ട് അകത്തേക്ക് പോവാൻ പാടില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയെന്ന കാരണം ചൂണ്ടിക്കാട്ടി ആൺകുട്ടിയെ കോളേജ് ക്യാമ്പസിൽ കയറാൻ അനുവദിക്കാതെ അധികൃതർ. പുൾകിത് മിശ്രയെന്ന വിദ്യാ‍ർഥിക്കാണ് സ്വന്തം കോളേജിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. താൻ നേരിട്ട വിവേചനത്തെക്കുറിച്ച് തുറന്നെഴുതിയ പുൾകിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടുണ്ട്. ക്യാമ്പസിന് അനുയോജ്യമായ വസ്ത്രമല്ല താൻ ധരിച്ചതെന്നാണ് അധികൃത‍ർ പറഞ്ഞതെന്ന് പുൾകിത് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. കോളേജിൽ അനുമതി നിഷേധിക്കുന്നതിന് കാരണമായ വസ്ത്രം ധരിച്ചുള്ള തൻെറ ചിത്രവും പോസ്റ്റിനൊപ്പം വിദ്യാ‍ർഥി ഷെയർ ചെയ്തിരുന്നു.

    ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി പുൾകിത് ക്യാമ്പസിലേക്ക് കയറിച്ചെല്ലുമ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥ‍ർ തടഞ്ഞത്. പെൺകുട്ടികൾ ധരിക്കുന്ന തരത്തിലുള്ള കയ്യില്ലാത്ത ടോപ്പാണ് പുൾകിത് ധരിച്ചിരുന്നത്. ഈ വസ്ത്രം ധരിച്ച് കൊണ്ട് അകത്തേക്ക് പോവാൻ പാടില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക മാത്രമല്ല, ആൺകുട്ടികളെ പോലെ വസ്ത്രം ധരിക്കാത്തത് എന്ത് കൊണ്ടാണെന്നും അധികൃതർ ആരാഞ്ഞു. ആൺകുട്ടികൾ പെൺകുട്ടികളെ പോലെ വസ്ത്രം ധരിച്ചല്ല വരേണ്ടത്. ആൺകുട്ടിക്ക് ചേർന്ന വസ്ത്രം ധരിച്ചെത്തിയാൽ കോളേജിൽ കയറാൻ അനുവദിക്കാമെന്നും അധികൃതർ പുൾകിതിനോട് പറഞ്ഞു. ഒടുവിൽ ഒരു സുഹൃത്തിനെ വിളിച്ച് ഷർട്ട് കൊണ്ടുവരാൻ പറയുകയായിരുന്നു. നേരത്തെ ധരിച്ച വസ്ത്രത്തിന് മുകളിൽ ഷർട്ട് ഇട്ടതോടെ പുൾകിതിനെ കോളേജിൽ കയറ്റാൻ തയ്യാറായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



    കോളേജിൽ കയറാൻ അനുവദിക്കാതിരുന്നത് കാരണം തനിക്ക് ക്ലാസുകൾ നഷ്ടമായി. ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിൻെറ പേരിലാണ് ഈ വിവേചനം നേരിട്ടത്. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അവനവൻെറ ചോയ്സാണ്. അതിനുള്ള അവകാശം രാജ്യത്ത് നിലവിലുണ്ടെന്നും പുൾകിത് പറഞ്ഞു. "വസ്ത്രത്തിന് ലിംഗഭേദമില്ല. ആർക്കും അവരവർക്ക് ഇഷ്ടമുള്ള എന്ത് വസ്ത്രവും ധരിക്കാം," പിന്നീട് ഡിലീറ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ പുൾകിത് കുറിച്ചു. പോസ്റ്റിൻെറ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുൾകിതിന് പിന്തുണ അറിയിച്ച് നിരവധി പേർ തങ്ങളുടെ അഭിപ്രായവും പങ്കുവെക്കുന്നുണ്ട്.

    Also Read- Supreme Court |ക്രിമിനല്‍ കേസുകളിലെ ചാനല്‍ ചര്‍ച്ച കോടതിയെ സ്വാധീനിക്കുന്നതിനോ മുന്‍ധാരണയ്‌ക്കോ കാരണമാകും;സുപ്രീംകോടതി

    പുൾകിത് നേരിട്ടത് നീതിനിഷേധമാണെന്ന് ചിലർ വാദിക്കുന്നു. "ആണിനെപ്പോലെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ് വിദ്യാർഥിയെ അപമാനിച്ച് വിടുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത്. ഇതിൻെറ പേരിൽ ക്ലാസും നഷ്ടമായി. നീതിനിഷേധമാണ് നടന്നത്," സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരാൾ പറഞ്ഞു. "ആധുനിക സമൂഹത്തിലും ഇത്തരം പഴഞ്ചൻ ചിന്താഗതി വെച്ച് പുലർത്തുന്നവർ സമൂഹത്തെ ഏത് കാലത്തിലേക്കാണ് നയിക്കുന്നത്. പുൾകിതിന് ഇങ്ങനെ വിവേചനം നേരിടേണ്ടി വന്നുവെന്നതിൽ സങ്കടമുണ്ട്. ധീരമായിരിക്കുക എന്ന് മാത്രമാണ് ഇപ്പോൾ പറയാനുള്ളത്. എല്ലാ പിന്തുണയും സ്നേഹവും പുൾകിത് അർഹിക്കുന്നുണ്ട്. ശക്തമായി തിരിച്ച് വരും," മറ്റൊരാൾ കമൻറ് ചെയ്തത് ഇങ്ങനെയാണ്. "വലിയ ബഹുമാനമാണ് നിങ്ങളോട് തോന്നുന്നത്. ഇത് സമൂഹത്തോട് തുറന്ന് പറയാൻ കാണിച്ച ആർജ്ജവത്തിന് എല്ലാ പിന്തുണയും," ഇങ്ങനെയാണ് മറ്റൊരു പോസ്റ്റ്.
    Published by:Rajesh V
    First published: