• HOME
 • »
 • NEWS
 • »
 • india
 • »
 • Mamata-Nephew Rift | മമതയും മരുമകനും തമ്മില്‍ ഭിന്നത രൂക്ഷം; തൃണമൂല്‍ ദേശീയ സമിതിയില്‍ മമത മാത്രം ഭാരവാഹി

Mamata-Nephew Rift | മമതയും മരുമകനും തമ്മില്‍ ഭിന്നത രൂക്ഷം; തൃണമൂല്‍ ദേശീയ സമിതിയില്‍ മമത മാത്രം ഭാരവാഹി

പാർട്ടിയുടെ ദേശീയ സമിതി പിരിച്ചുവിട്ട് 20 അംഗ ദേശീയ എക്സിക്യൂട്ടീവിന് രൂപം നൽകി. പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇനി ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് കീഴിലായിരിക്കും.

അഭിഷേക് ബാനർജി, മമത ബാനർജി

അഭിഷേക് ബാനർജി, മമത ബാനർജി

 • Share this:
  കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (TMC) മേധാവിയും പശ്ചിമബംഗാൾ (West Bengal) മുഖ്യമന്ത്രിയുമായ മമത ബാനർജിയും (Mamata Banerjee) അവരുടെ അനന്തരാവകാശിയും മരുമകനുമായ അഭിഷേക് ബാനർജിയും (Abhishek Banerjee) തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ച (ഫെബ്രുവരി 12) പാർട്ടിയുടെ ദേശീയ സമിതി പിരിച്ചുവിട്ട് 20 അംഗ ദേശീയ എക്സിക്യൂട്ടീവിന് രൂപം നൽകി. പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇനി ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് കീഴിലായിരിക്കും.

  അതായത് 2021 ജൂണിൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയമിതനായ അഭിഷേക്, നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സുപ്രധാന വിജയത്തിന് ശേഷം ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും ആ പദവിയിൽ നിന്ന് പുറത്തായി.

  "പാർട്ടിയ്ക്ക് ഇപ്പോൾ ചെയർപേഴ്‌സൺ ഒഴികെ മറ്റ് ഭാരവാഹികളില്ല. 20 അംഗങ്ങളും മമത ബാനർജി ചെയർപേഴ്സണുമായി ഒരു ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മമത തന്നെ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്യും. ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും." 2011 മുതൽ ശനിയാഴ്ച വൈകുന്നേരം വരെ പാർട്ടിയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച പാർത്ഥ ചാറ്റർജി യോഗത്തിന് ശേഷം പറഞ്ഞു.

  ശനിയാഴ്ച വൈകിട്ട് മമതാ ബാനർജിയുടെ കാളിഘട്ടിലെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാർട്ടിയുടെ ഏതാനും പ്രമുഖ നേതാക്കളും അടിയന്തര യോഗത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 8 മുതൽ ഗോവയിലായിരുന്ന അഭിഷേക്, അവിടെ പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയായിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കാനായി പശ്ചിമബംഗാളിലേയ്ക്ക് മടങ്ങി.

  മമത ബാനർജി, അഭിഷേക്, ചാറ്റർജി എന്നിവരെ കൂടാതെ മറ്റ് മുതിർന്ന നേതാക്കളായ സുബ്രത ബക്ഷി, സുദീപ് ബന്ദ്യോപാധ്യായ, ഫിർഹാദ് ഹക്കിം, ചന്ദ്രിമ ഭട്ടാചാര്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

  അടുത്തിടെ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടി തന്റെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് അംഗീകരിക്കാത്തതിൽ അസ്വസ്ഥനായ അഭിഷേക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഈ നീക്കം. അഭിഷേകിന്റെ വിശ്വസ്തരായ ചിലരുടെ നടപടികളും പാർട്ടി മേധാവിയെ ചൊടിപ്പിച്ചതായി കരുതപ്പെടുന്നു.

  അഭിഷേകിന്റെ അടുത്ത സഹായി കൂടിയായ മമതയുടെ മരുമകൾ അദിതി ഗയേൻ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിനെ തുടർന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത സംബന്ധിച്ച കൂടുതൽ ഊഹാപോഹങ്ങൾ ഉയർന്നത്. “വീണ്ടും തുടക്കമിടാൻ ഭയപ്പെടരുത്. ഈ സമയം, നിങ്ങൾ ആദ്യം മുതൽ അല്ല ആരംഭിക്കുന്നത്, അനുഭവത്തിൽ നിന്നാണ് തുടക്കം കുറിക്കുന്നത് “ എന്നായിരുന്നു അദിതിയുടെ ട്വീറ്റ്.

  ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് അഭിഷേകിനും മമതയ്ക്കും തമ്മിലുള്ളത്. ഈ ദൗത്യം താൻ പൂർത്തീകരിക്കുമെന്നും അത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയം മമത ചില ആളുകൾക്കായി മാത്രം പരിമിതപ്പെടുത്തി എന്ന വിമർശനം അഭിഷേക് ബാനർജി അടക്കമുള്ളവർ പാർട്ടിക്കുള്ളിൽ ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ദേശീയ സമിതി പിരിച്ചുവിട്ടതെന്നും സൂചനയുണ്ട്.

  അഭിഷേക് 'സ്വയം ഹൈലൈറ്റ്' ചെയ്ത രീതി പാർട്ടി മേധാവിക്കും പാർട്ടിയിലെ ഒരു വിഭാഗം പഴയ നേതാക്കൾക്കും അത്ര ഇഷ്ടപ്പെട്ടില്ല. “പാർത്ഥ ചാറ്റർജിയെയും ഫിർഹാദ് ഹക്കീമിനെയും പോലുള്ളവർക്ക് ഒരു പദവി മാത്രം ഉറപ്പാക്കുമെന്ന് സൂചിപ്പിച്ചത് സ്വാഭാവികമായും യുവ നേതാവിന്റെ അഹങ്കാരമായി കണക്കാക്കപ്പെട്ടു” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ടിഎംസി ലോക്‌സഭാ എംപി പറഞ്ഞു.

  "മമത മരുമകനെ പടിപടിയായി തന്റെ അനന്തരാവകാശിയായി പ്രതിഷ്ഠിക്കുകയായിരുന്നു, എന്നാൽ അദ്ദേഹത്തെ പൂർണമായും അംഗീകരിക്കാൻ അവർ തയ്യാറായിട്ടില്ല," രണ്ട് പതിറ്റാണ്ടിലേറെയായി പാർട്ടി മേധാവിയുമായി അടുപ്പമുള്ള മറ്റൊരു ടിഎംസി നേതാവ് ദി വയറിനോട് പറഞ്ഞു.

  20 അംഗ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ, മുൻ കോൺഗ്രസ് നേതാവ് രാജേഷ് ത്രിപാഠി, അഭിഷേക്, തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായ പാർത്ഥ ചാറ്റർജി, സുബ്രത ബക്ഷി, ഫിർഹാദ് ഹക്കിം, സുദീപ് ബന്ദോപാധ്യായ, സുഖേന്ദു ശേഖർ റോയ്, അമിത് മിത്ര എന്നിവരും ഉൾപ്പെടുന്നു. രാജ്യസഭ നേതാവ് ഡെറക് ഒബ്രിയൻ, മുതിർന്ന എംപി സുഗത റോയി എന്നിവരെ ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

  ഭാവിയിൽ തൃണമൂൽ കോൺഗ്രസ് മേധാവി ഇനി എങ്ങനെ പദവികൾ വിതരണം ചെയ്യുമെന്നും മരുമകന് ഏത് പദവി നൽകുമെന്നും ഇനി കണ്ടറിയണം. മമതയും അഭിഷേകും തമ്മിലുള്ള സമീപകാല പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുമായുള്ള (I-PAC) ബന്ധത്തെക്കുറിച്ചും ചില അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ടിഎംസി പ്രശാന്ത് കിഷോറുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഇത് കാരണമായേക്കാം. എന്നാൽ ഈ വിഷയം ശനിയാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തില്ല.

  “ആരുമായും ചർച്ച ചെയ്യാതെയാണ് മമത കമ്മിറ്റിയ്ക്ക് രൂപം നൽകിയത്. എല്ലാവരും അവർക്ക് താത്പര്യമുള്ള ആളുകളാണ്. യശ്വന്ത് സിൻഹയും രാജേഷ് ത്രിപാഠിയും ഒഴികെ മറ്റെല്ലാവരും മമതയുടെ പഴയ വിശ്വസ്തർ തന്നെയാണ്. ഇത് അവരുടെ ടീമാണ്, ”ഒരു മുതിർന്ന ബംഗാൾ മന്ത്രി പറഞ്ഞു.

  ”കുടുംബ വഴക്കുകളെ ചൊല്ലിയുള്ള ഇത്തരം ആഭ്യന്തര യുദ്ധം നാടുവാഴി ഭരണകാലത്തെ പ്രത്യേകതയാണ്,” ബിജെപിയുടെ ബംഗാൾ യൂണിറ്റ് വക്താവ് ഷാമിക് ഭട്ടാചാര്യ പറഞ്ഞു.

  "ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്മിറ്റിയിൽ" ഇത് സ്വാഭാവികമായതാനിൽ ഈ പ്രശ്‌നത്തിൽ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് സിപിഎമ്മിന്റെ സുജൻ ചക്രവർത്തി പറഞ്ഞു.
  Published by:Sarath Mohanan
  First published: