വൈദ്യശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാനുള്ള നിർദ്ദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സംസ്ഥാനത്തെ ആശുപത്രികളിലെ ഡോക്ടർമാരുടെ ‘കുറവ്’ നികത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നിർദ്ദേശം മമത മുന്നോട്ട് വച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് കൂടുതൽ ഡോക്ടർമാരെ ലഭിക്കുന്നതിന് ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ അവർ സംസ്ഥാന ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തോട് ആവശ്യപ്പെട്ടു.
എഞ്ചിനീയറിംഗിന് ഉള്ളത് പോലെ ഒരു ഡിപ്ലോമ കോഴ്‌സ് മെഡിസിനും ആരംഭിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് ആരോഗ്യ സെക്രട്ടറിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അങ്ങനെയെങ്കിൽ നിരവധി വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഴ്‌സിന് ചേരാൻ അവസരം ലഭിക്കും എന്ന് ‘ഉത്കർഷ് ബംഗ്ലാ’ അവലോകന യോഗത്തിൽ മമത ബാനർജി പറഞ്ഞു.
റെഗുലർ എംബിബിഎസ് കോഴ്‌സിലൂടെ മെഡിക്കൽ ബിരുദധാരിയാകാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും എടുക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മമത പറഞ്ഞു, എന്നാൽ ഒരു ഡിപ്ലോമ കോഴ്‌സ് ആരംഭിക്കാൻ കഴിഞ്ഞാൽ അത് “ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ ” സഹായകമാകും എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അഞ്ച് വർഷത്തെ പരിശീലന കാലയളവിന് ശേഷമാണ് ഇപ്പോൾ ഡോക്ടർമാരെ ലഭിക്കുന്നത്. ഈ വർഷങ്ങളിലെല്ലാം അവർ കഠിനമായി പഠിച്ച് പരീക്ഷയെഴുതണം. കൂടാതെ അവർ പഠിക്കുമ്പോൾ തന്നെ അവരെ വിവിധ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാരായി പ്രയോജനപ്പെടുത്തുന്നുമുണ്ട് മമത കൂട്ടിച്ചേർത്തു.
Also read: ‘ഒരൊറ്റ ആഴ്ചയിൽ രണ്ട് ദാരുണമായ സംഭവങ്ങൾ; ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെ?’മംമ്ത മോഹൻദാസ്
“സീറ്റുകളുടെയും ആശുപത്രികളുടെയും രോഗികളുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായതിനാൽ ഒരു ഡിപ്ലോമ കോഴ്‌സ് വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കണം. ഈ ഡോക്ടർമാരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കാനാകുമെന്നും” ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. ഈ നിർദേശം പരിശോധിക്കാൻ നാലംഗ സമിതി രൂപീകരിക്കാൻ ആരോഗ്യ സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിപ്ലോമ കോഴ്‌സിന് ചേരുന്നവരെ പരിശീലിപ്പിക്കാൻ മുതിർന്ന ഡോക്ടർമാരെയും പ്രൊഫസർമാരെയും ഏർപ്പെടുത്തണമെന്നും അവർ പറഞ്ഞു. ബാനർജിയുടെ നിർദ്ദിഷ്ട ഡിപ്ലോമ കോഴ്‌സിന്റെ പഠനകാലം മൂന്ന് വർഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പശ്ചിമ ബംഗാൾ ഡോക്‌ടേഴ്‌സ് ഫോറം (ഡബ്ല്യുബിഡിഎഫ്) സ്ഥാപക സെക്രട്ടറി ഡോ.കൗശിക് സർക്കാർ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ വിമർശിച്ച് രംഗത്തെത്തി. ഇത് ആഗോളതലത്തിൽ പിന്തുടരുന്ന സംവിധാനത്തെ അട്ടിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ “ശാസ്ത്രീയ സമീപനം” സ്വീകരിച്ച് ഈ പുതിയ നിർദ്ദേശം കൂടുതൽ പഠനവിധേയമാക്കണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് എന്ന നിർദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്ന് ഓരോ വർഷവും നിരവധി ഡോക്ടർമാർ ബിരുദം നേടുന്നുണ്ടെന്നും ശരിയായ റിക്രൂട്ട്‌മെന്റ് പ്രക്രിയ വഴി ഒഴിവുകൾ നികത്തുന്നതിനും ഡോക്ടർമാരുടെ ‘കുറവ്’ എന്ന പ്രശ്നം പരിഹരിക്കുന്നതിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം മുതിർന്ന നഴ്സുമാരെ “സെമി ഡോക്ടർ” എന്ന നിലയ്ക്ക് ഉയർത്താൻ ഒരു നിയമം രൂപീകരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും ബാനർജി ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctors, Mamata Banerjee