• HOME
 • »
 • NEWS
 • »
 • india
 • »
 • 'മമത വി എസിനെ മാതൃകയാക്കണമായിരുന്നു; 1996ലേ പോലെ ധാർമികത മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കരുതായിരുന്നു': സുവേന്ദു അധികാരി

'മമത വി എസിനെ മാതൃകയാക്കണമായിരുന്നു; 1996ലേ പോലെ ധാർമികത മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കരുതായിരുന്നു': സുവേന്ദു അധികാരി

1996-ൽ കേരളത്തിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചിരുന്ന വി എസ് അച്യുതാനന്ദൻ പരാജയപ്പെടുകയുണ്ടായി. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല

സുവേന്ദു അധികാരി- മമത ബാനർജി

സുവേന്ദു അധികാരി- മമത ബാനർജി

 • Share this:
  മുമ്പ് മമത ബാനർജിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്ന സുവേന്ദു അധികാരി ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തിക്കൊണ്ട് ശ്രദ്ധേയനായി. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നൽകുന്ന ആദ്യത്തെ വിശദമായ അഭിമുഖത്തിൽ അദ്ദേഹം അമൻ ശർമയുമായി സംസാരിക്കുന്നു.

  സൊവാൻദേബ് ചതോപാധ്യായ ഭവാനിപ്പൂരിൽ നിന്ന് രാജി വെച്ചതിനാൽ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും അവിടെ നിന്ന് മത്സരിക്കുമായിരിക്കും. എന്ത് തോന്നുന്നു?

  ധാർമികതയെ മുൻനിർത്തി മമത ബാനർജി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നു. അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ടാകാം, എന്നാൽ അവരെ നന്ദിഗ്രാമിലെ ജനങ്ങൾ തിരസ്കരിച്ചു. 1996-ൽ കേരളത്തിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചിരുന്ന വി എസ് അച്യുതാനന്ദൻ പരാജയപ്പെടുകയുണ്ടായി. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തില്ല.

  പി എം കിസാൻ സമ്മാൻ നിധി സ്‌കീം ഒടുവിൽ ബംഗാളിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എന്നാൽ, 7 ലക്ഷം കർഷകർക്ക് മാത്രമേ ഇതുവരെ പണം ലഭിച്ചിട്ടുള്ളൂ. എന്താണ് പ്രതികരണം?

  മാനദണ്ഡങ്ങൾ പ്രകാരം ബംഗാളിൽ 70 ലക്ഷം കർഷകർക്ക് പി എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കേണ്ടതാണ്. എന്നാൽ, അവർക്കൊന്നും ഇപ്പോൾ പണം ലഭിക്കുന്നില്ല. പ്രധാനമന്ത്രിയും ബി ജെ പിയും ഇത് വലിയൊരു പ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നതിന്റെ ഫലമായി കഴിഞ്ഞ വർഷം കൃഷി വകുപ്പ് ഒരു പോർട്ടൽ ആരംഭിക്കുകയും 40 ലക്ഷം കർഷകർ അതിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, 7 ലക്ഷം പേർക്ക് മാത്രമേ ഇത്തവണ ആനുകൂല്യം ലഭിച്ചിട്ടുള്ളൂ. സംസ്ഥാന സർക്കാർ തൃണമൂൽ കോൺഗ്രസിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും അവർ വോട്ട് ബാങ്കായി നിലനിർത്തുന്ന സമുദായങ്ങളിലെ അംഗങ്ങളുടെയും പേരുകൾ മാത്രമാണ് കേന്ദ്രത്തിന് അയച്ചത് എന്നതാണ് യാഥാർഥ്യം. ഈ ഏഴ് ലക്ഷം കർഷകർക്ക് ബി ഡി ഒ ഓഫീസ് മുഖാന്തിരം ഒരു ലഘുലേഖ വിതരണം ചെയ്യുകയും അതിൽ മുഖ്യമന്ത്രിയുടെ പോരാട്ടത്തിന്റെ ഫലമായാണ് ഈ പണം അവർക്ക് ലഭിച്ചതെന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇത് അവസരവാദപരമായ സമീപനമാണ്. ഇനി അടുത്തൊന്നും ഒരു തെരഞ്ഞെടുപ്പ് വരാനില്ലെങ്കിലും മമത ബാനർജി രാഷ്ട്രീയം കളിക്കുകയാണ്.

  നിങ്ങളാണ് ഇപ്പോൾ ബംഗാളിൽ പ്രതിപക്ഷനേതാവ്. ഒരു ശക്തമായ പ്രതിപക്ഷമായി ബി ജെ പി എങ്ങനെ പ്രവർത്തിക്കും?

  മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പശ്ചിമ ബംഗാളിൽ പ്രതിപക്ഷനേതാവിന് ഭരണഘടനാപരമായി പ്രവർത്തിക്കാനുള്ള സാധ്യതയും ബഹുമാനവും അംഗീകാരവും ഇല്ല. കഴിഞ്ഞ 10 വർഷക്കാലം സർക്കാറിന്റെ ഭാഗമായി നിലകൊള്ളവെ പ്രതിപക്ഷ നേതാവിന് തൃണമൂൽ കോൺഗ്രസിൽ നിന്ന് യാതൊരു ബഹുമാനവും ലഭിക്കാത്തത് കണ്ടപ്പോൾ എനിക്കത് ബോധ്യമായി. എന്നാൽ, ഇപ്പോൾ പ്രതിപക്ഷനേതാവെന്ന നിലയിൽ ഒരു ക്രിയാത്മകമായ പ്രതിപക്ഷത്തെ നയിക്കാൻ ആവശ്യമായ ഊർജത്തോടെയും ഉത്സാഹത്തോടെയും ഞാൻ പ്രവർത്തിക്കും. ഒപ്പം നിയമസഭയുടെ അന്തസ് മാനിച്ചുകൊണ്ട് പ്രശ്നങ്ങൾ ശക്തമായി തന്നെ ഉന്നയിക്കുകയും ചെയ്യും. ഞങ്ങൾ 77 സീറ്റുകളിലാണ് വിജയിച്ചത്. പിന്നീട്, മത്സരിച്ച എം പിമാരിൽ രണ്ടുപേർ രാജി വെയ്ക്കുകയുണ്ടായി. അങ്ങനെ ഞങ്ങൾ ആകെ 75 എം എൽ എമാർ പ്രതിപക്ഷത്തുണ്ട്. അത് പ്രതിപക്ഷത്തിന് കരുത്തു പകരുന്നു.

  ബി ജെ പിയ്ക്ക് ബംഗാളിൽ വിജയിക്കാൻ കഴിയാഞ്ഞതിന്റെ കാരണമായി താങ്കൾ വിലയിരുത്തുന്നത് എന്താണ്?

  ഞാൻ ഡൽഹിയിലേക്ക് പോയി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിക്കും. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്റെ പ്രായോഗിക അനുഭവങ്ങൾ പാർട്ടി സംവിധാനത്തിനകത്ത് പങ്കുവെയ്ക്കും. അത് മാധ്യമങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

  തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഫിർഹാദ് ഹക്കിം ഉൾപ്പെടെയുള്ള മന്ത്രിമാരെ നാരദ കേസിൽ സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ നടപടിയെ തൃണമൂൽ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. അതേ വേഗത്തിൽ താങ്കൾക്കെതിരെ മാത്രം നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു.

  ഈ വിഷയത്തെക്കുറിച്ച് ഞാൻ സംസാരിക്കാൻ തയ്യാറല്ല. ജുഡീഷ്യൽ പരിഗണനയിലുള്ള വിഷയമാണത്. ഈ നടപടി ഉണ്ടായ സമയത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്താണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായിരുന്നു ഈ നടപടി ഉണ്ടായതെങ്കിൽ അത് ഒരു പാർട്ടിയുടെ താത്പര്യത്തിന് അനുകൂലമായി സ്വീകരിച്ചതാണെന്ന് ആരോപിക്കാമായിരുന്നു. നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുന്നു എന്ന് മാത്രമേയുള്ളൂ.

  തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഉണ്ടായ അക്രമങ്ങൾ ബി ജെ പി വലിയ വിഷയമായി ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടുകയാണ് ബി ജെ പി എന്നാണ് തൃണമൂൽ വിമർശനം. എന്താണ് പ്രതികരണം?

  തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളിൽ ഞങ്ങളുടെ മുപ്പതോളം കേഡർമാരെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ കൊലപ്പെടുത്തി. അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഈ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പതിനായിരത്തിനും ഇരുപതിനായിരത്തിനുമിടയ്ക്ക് പരാതികൾ ഞങ്ങൾ പോലീസിൽ സമർപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിലയിടങ്ങളിൽ ഞങ്ങൾക്ക് പരാതി പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ജുഡീഷ്യറി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ട്. ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെയും ഇതേക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും ജുഡീഷ്യറിയും ചേർന്ന് ഈ പ്രശ്നത്തിൽ ഇടപെടുകയും അടിയന്തിരമായി നടപടി സ്വീകരിക്കുകയും വേണം.

  അക്രമങ്ങൾ മൂലം പശ്ചിമ ബംഗാളിലെ ജനങ്ങൾ ഓടി രക്ഷപ്പെടുകയും ആസാമിലും ജാർഖണ്ഡിലും ഒഡീഷയിലും അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്ന സ്ഥിതിയാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഞങ്ങൾക്ക് പശ്ചിമ ബംഗാളിൽ എന്തെങ്കിലും മുന്നേറ്റം ആരംഭിക്കാനുള്ള സാധ്യത കുറവാണ്. മഹാമാരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ സംസ്ഥാന സർക്കാർ ഞങ്ങൾക്കെതിരെ പ്രയോഗിച്ചേക്കാം. എന്നാൽ, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊൽക്കത്തയിലും സി ബി ഐ ഓഫീസിന് പുറത്തും വലിയ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ ഈ നിയമങ്ങളൊന്നും ബാധകമായിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് സി ബി ഐ ഓഫീസിൽ ധർണ സംഘടിപ്പിക്കുകയാണ്. എന്നാൽ, കോവിഡ് മരണങ്ങൾ ഉയരുന്നത് സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെടുത്താൻ മൂന്ന് ബി ജെ പി എം എൽ എമാർ സിലിഗുഡിയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ മുപ്പതു മിനിറ്റിൽ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
  Published by:Jayesh Krishnan
  First published: