ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയെന്നത് ഭരണഘടനപരമായ ഉത്തരവാദിത്വം ആണെന്നും മമത പറഞ്ഞു. വ്യാഴാഴ്ചയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുക.
കേന്ദ്രത്തിലെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണന്നും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചെന്നും മമത പറഞ്ഞു. ചടങ്ങുകളില്‍ പങ്കെടുക്കാനായി മെയ് 29 ന് ഡല്‍ഹിയിലെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മെയ് 31 ന് തിരിച്ച് കൊല്‍ക്കത്തയിലേക്ക് പോവുകയും ചെയ്യും.
Also Read: രമ്യ ഹരിദാസിന്റെ പരാതിയില്‍ കേസെടുത്തോ? ചോദ്യത്തോട് വനിതാ കമ്മിഷന് രോഷം
'സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ഭരണഘടനാപരമായ ചടങ്ങുകളാണ് അവിടെ നടക്കുന്നത്. രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെയും ക്ഷണം ലഭിച്ചിട്ടുണ്ട്' മമത ബാനര്‍ജി പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ വ്യാഴാഴ്ച വൈകീട്ട ഏഴ് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് മോദിയ്ക്ക് സത്യവാചകം ചൊല്ലികൊടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.