കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷിനുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒപ്പം, വോട്ടെടുപ്പിന് ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷ കക്ഷികളെ ആഹ്വാനം ചെയ്യുകയും ചെയ്തു മമത.
"നമ്മൾ നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കണം. നമുക്ക് മെഷീനുകൾ ആവശ്യമില്ല. ബാലറ്റ് പേപ്പർ രീതി തിരികെ കൊണ്ടു വരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനായി ഒരു മൂവ്മെന്‍റ് തുടങ്ങും, ബംഗാളിൽ നിന്നായിരിക്കും ഇത് ആരംഭിക്കുക" - മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത എം എൽ എമാരുടെയും സംസ്ഥാനമന്ത്രിമാരുടെയും യോഗത്തിനു ശേഷമായിരുന്നു മമത മാധ്യമങ്ങളെ കണ്ടത്.
പ്രതിപക്ഷത്തുള്ള 23 രാഷ്ട്രീയ പാർട്ടികളോടും ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരണമെന്ന ആവശ്യത്തിൽ ഒരുമിച്ച് നിൽക്കാൻ ആവശ്യപ്പെടുന്നു. യു എസ് പോലെയുള്ള ഒരു രാജ്യം പോലും ഇ വി എം നിരോധിച്ച് സാഹചര്യത്തിലാണ് ഇതെന്നും മമത ബാനർജി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി ജെ പി പണം, മസിൽ, സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സർക്കാർ തുടങ്ങി എല്ലാം ഉപയോഗിച്ചെന്നും മമത കുറ്റപ്പെടുത്തി.
ബംഗാളിൽ ആകെയുള്ള 42 സീറ്റുകളിൽ 18 സീറ്റുകളിൽ വിജയിച്ചത് ബി ജെ പി ആയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.