ബംഗളൂരു:
ബംഗളൂരുവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. ഇയാളുടെ
കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്. ശനിയാഴ്ച നെഞ്ചുവേദനയും വയറുവേദനയും ശ്വാസ തടസവും അനുഭവപ്പെട്ടിരുന്നു.
കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം എന്ന 24കാരനാണ് മരിച്ചത്. ഓഗസ്റ്റ് 12ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ കോവിഡ് മൂലമുള്ള സങ്കീർണതകൾ കാരണം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് വെടിയേറ്റതിന്റെ പരിക്കുകളല്ല ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് ബൗറിംഗ് ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് ഇയാൾ മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഇയാളെ ആദ്യം മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിൽ ഒരു ദ്വാരം ഉണ്ടായിരുന്നതിനെ തുടർന്ന് ശനിയാഴ്ച ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രക്തസമ്മർദം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ മരിച്ചത്- ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
ബംഗളൂരു സംഘർഷവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ബനസ് വദി സബ്ഡിവിഷനിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ അനന്തരവന് നവീന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. മുഹമ്മദ് നബിയെ മോശമാക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നവീൻ പങ്കുവെച്ചത്.
സംഭവത്തിൽ നവീൻ അറസ്റ്റിലായിട്ടുണ്ട്. അക്രമികൾ രണ്ട് പൊലീസ് സ്റ്റേഷനുകളും എംഎൽഎ അഖണ്ഡ് ശ്രീനിവാസ മൂർത്തിയുടെ വീടും ആക്രമിച്ചു. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.