മുംബൈ: പുലർച്ചെ രണ്ട് മണിക്ക് മറൈൻ ഡ്രൈവിൽ ഭാര്യയ്ക്കൊപ്പം ഇരിക്കാൻ മുംബൈ പോലീസ് ഉദ്യോഗസ്ഥൻ തന്നോട് 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവാവ് രംഗത്ത്. യുപിഐ വഴിയാണ് കൈക്കൂലി വാങ്ങിയതെന്നും ഇതിന്റെ സ്‌ക്രീൻഷോട്ട് യുവാവ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഈ സംഭവത്തിൽ ട്വിസ്റ്റുണ്ടാകുന്നത്. യുവാവിന്‍റെ ട്വീറ്റിന് മറുപടിയുമായി സാക്ഷാൽ മുംബൈ പൊലീസ് രംഗത്തെത്തി.
“മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ ഈ പേരിൽ ഒരു പോലീസ് കോൺസ്റ്റബിൾ ഇല്ല. എന്നിരുന്നാലും, നിങ്ങളുടെ പരാതിയിൽ ഞങ്ങളുടെ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയായാൽ വിവരം നിങ്ങളെ അറിയിക്കും.”- മുംബൈ പൊലീസ് നൽകിയ മറുപടി ഇതായിരുന്നു. ഇതോടെ ട്വിറ്ററിൽ ഉപയോക്താക്കൾ ആശങ്കയിലായി. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനാണോ കൈക്കൂലി വാങ്ങിയത് അതോ, പൊലീസ് ചമഞ്ഞ് ആരെങ്കിലും ദമ്പതികളെ കബളിപ്പിച്ചതാണോയെന്നും ചോദ്യമുയരുന്നുണ്ട്.
യുപിഐ ഇടപാട് വഴി പണം അയച്ചതിന്‍റെ സ്‌ക്രീൻഷോട്ട് യുവാവ് ട്വിറ്ററിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് മുംബൈ പൊലീസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇതോടെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഈ ട്വീറ്റിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പൊലീസിന്‍റെ നടപടി ന്യായമാണോ എന്ന് പലരും ചോദ്യം ചെയ്തു.
Took a bribe for sitting at Marine Drive at 2am. Is this what #Mumbai has come to?? @MumbaiPolice @mybmc pic.twitter.com/K4q16rq94M
— Viggy (@Viggyvibe) March 3, 2023
“ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലെ കാരണം ആദ്യം മനസ്സിലായില്ല…” കൈക്കൂലി ആരോപണത്തിൽ പരാതിക്കാരായ അഭിയും ഭാര്യ നിയുവും ട്വീറ്റ് ചെയ്തു. ഈ സംഭവം തങ്ങൾക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
എന്നാൽ മുംബൈ മറൈൻ ഡ്രൈവിൽ സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്ന ആരോപണവുമായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. “എനിക്കും ഇതുതന്നെ സംഭവിച്ചു, പക്ഷേ ഞാൻ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ എന്നെ ഭീഷണിപ്പെടുത്തി. ഞാൻ ഒരു അഭിഭാഷകനാണെന്ന് അറിഞ്ഞതോടെ അവർ പിൻമാറുകയായിരുന്നു,” മറ്റൊരു ട്വിറ്റർ ഉപയോക്താവ് എഴുതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.