നീമുച്ച് : മയിലുകളെ മോഷ്ടിച്ചെന്നാരോപിച്ച് മധ്യവയസ്കനെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. ദളിത് വിഭാഗത്തിൽ പെട്ട ഹിരാലാൽ ബാംച്ഡ എന്നയാളാണ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച നീമുച്ചിലെ അന്തരി ജില്ലയിലാണ് മർദ്ദനസംഭവം അരങ്ങേറിയത്. നാല് ആളുകൾ മയിലുകളുമായി പോകുന്നത് കണ്ട ഗ്രാമവാസികൾ അവരെ പിന്തുടർന്നു.. ഇതിൽ മൂന്ന് പേർ പിന്നീട് രക്ഷപെട്ടു. എന്നാൽ ഹിരാലാൽ ജനക്കൂട്ടത്തിന്റെ പിടിയിലാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ ഇയാളെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇയാളുടെ പക്കൽ നാല് മയിലുകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ പത്ത് പേർക്കെതിരെ കേസെടുത്ത പൊലീസ് ഇതിൽ ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പട്ടിക ജാതി-പട്ടിക വർഗ അതിക്രമ നിരോധനനിയമം അടക്കം വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട ഹിരാലാൽ ഉൾപ്പെടെ നാല് പേർക്കെതിരെ വന്യജീവി സംരക്ഷണനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.