നാഗ്പൂർ: മദ്യപിക്കുന്നതിനിടെ ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച 41കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ജേണല്‍ ഓഫ് ഫോറന്‍സിക് ആൻഡ് ലീഗല്‍ മെഡിസിന്റെ പഠനറിപ്പോര്‍ട്ട് ഉദ്ധരിച്ച് news.au.com ആണ് വാര്‍ത്ത പുറത്തുവിട്ടത്.
വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് 50 മില്ലിഗ്രാമിന്റെ രണ്ട് വയാഗ്ര ടാബ്‍ലെറ്റ് കഴിച്ചു. കൂടെ മദ്യവും കുടിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞു.
എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. നില വഷളാകാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചു.
തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഡോക്ടറുടെ ഉപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്നാണ് പഠനത്തിലൂടെ പകരുന്ന സന്ദേശമെന്ന് വിദഗ്ധര്‍ പറയുന്നു.
നാഗ്പൂരില്‍ നിന്ന് 40 കിലോമീറ്റർ അകലെ ഒരു ഹോട്ടലിൽ 25 കാരൻ വയാഗ്ര അമിത അളവിൽ കഴിച്ചതിനെ തുടർന്ന് മരിച്ചത് കഴിഞ്ഞ ജുലൈയിലാണ്. പങ്കാളിയുമായി ഹോട്ടൽ മുറിയിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ കുഴഞ്ഞുവീണാണ് അജയ് പർതേകി എന്ന യുവാവ് മരിച്ചത്. പങ്കാളി സുഹൃത്ത് വഴി പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. പൊലീസ് പരിശോധനയിൽ ദേഹത്ത് പരിക്കുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. അജയിന്റെ പോക്കറ്റിൽ നിന്ന് വയാഗ്ര പാക്കറ്റ് കണ്ടെത്തിയിരുന്നു.
English Summary: A 41-year-old man in Nagpur died after taking two Viagra pills along with alcohol. Citing a study published in the Journal of Forensic and Legal Medicine, news.au.com reported that the man died of a cerebrovascular haemorrhage, which is when oxygen delivery to the brain is reduced.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.