നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഗവര്‍ണര്‍ വീടിന്റെ താക്കോല്‍ കൈമാറി ഭക്ഷണം കഴിച്ച് മടങ്ങി; ഗൃഹനാഥന് 14,000 രൂപ ബില്‍

  ഗവര്‍ണര്‍ വീടിന്റെ താക്കോല്‍ കൈമാറി ഭക്ഷണം കഴിച്ച് മടങ്ങി; ഗൃഹനാഥന് 14,000 രൂപ ബില്‍

  ഗവര്‍ണറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അധികൃതരും ഉദ്യോഗസ്ഥരും ബുധ്‌റാമിന്റെ വീടും പരിസരവും മോടിപ്പിടിപ്പിച്ചിരുന്നു

  • Share this:
   ഭോപ്പാല്‍: സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീട്ടിലേക്ക് ഗവര്‍ണര്‍(Governor) എത്തിയപ്പോള്‍ ഗൃഹനാഥന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ആ സന്ദര്‍ശനത്തിന് താന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന്. മധ്യപ്രദേശ് സ്വേദശി ബുധ്‌റാം ആദിവാസിയാണ് ഗവര്‍ണറിന്റെ സന്ദര്‍ശനം വരുത്തിവെച്ച സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടുപോയത്.

   വീടിന്റെ താക്കോല്‍ കൈമാറി ബുധ്റാമിനും കുടുംബത്തിനും ഒപ്പം ഉച്ചഭക്ഷണവും കഴിച്ച് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍ മടങ്ങി. എന്നാല്‍ ഗവര്‍ണര്‍ മടങ്ങിയതിന് പിന്നാലെ 14,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ ബുധ്‌റാമിന് ബില്‍ നല്‍കി.

   ഗവര്‍ണറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അധികൃതരും ഉദ്യോഗസ്ഥരും ബുധ്‌റാമിന്റെ വീടും പരിസരവും മോടിപ്പിടിപ്പിച്ചിരുന്നു. വീട്ടില്‍ പുതിയ ഗേറ്റും ഫാനും പിടിപ്പിച്ചു. ഇതിനാണ് 14,000 രൂപയുടെ ബില്‍ അധികൃതര്‍ ഗൃഹനാഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


   എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിന് തൊട്ടുപിറ്റേന്ന് തന്നെ പഞ്ചായത്ത് അധികൃതര്‍ എത്തി ഫാന്‍ അഴിച്ചുകൊണ്ടുപോയി. ഗേറ്റിന്റെ വിലയായ 14,000 രൂപയുടെ ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലായിരുന്നു ബുധ്‌റാമിന്റെ വീട് നിര്‍മാണം.

   'ഗവര്‍ണര്‍ ഞങ്ങളുടെ വീട്ടിലിരുന്നു ഭക്ഷണം കഴിക്കുമെന്നു അധികൃതര്‍ അറിയിച്ചു. അവര്‍ 14,000 രൂപ വിലയുള്ള ഗേറ്റ് ഘടിപ്പിച്ചു. അതിനു ഇത്രയും പണം ആവുമെന്നോ ഞാനാകണം പണം മുടക്കേണ്ടതെന്നോ അധികൃതര്‍ എന്നോടു പറഞ്ഞിരുന്നില്ല. എനിക്ക് ഇത് അറിയാമായിരുന്നെങ്കില്‍ ഗേറ്റ് ഘടിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു' ബുധ്‌റാം പറഞ്ഞു.

   അതേസമയം സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗര വികസന വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിങ് പ്രതികരിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Jayesh Krishnan
   First published:
   )}