• HOME
  • »
  • NEWS
  • »
  • india
  • »
  • ജാമിയ വിദ്യാർഥികളെ അടിക്കാൻ ചുവപ്പ് ബാറ്റണ്‍ വീശുന്നയാൾ പൊലീസുകാരൻ തന്നെ; റബ്ബർ ബുള്ളറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്നും വിശദീകരണം

ജാമിയ വിദ്യാർഥികളെ അടിക്കാൻ ചുവപ്പ് ബാറ്റണ്‍ വീശുന്നയാൾ പൊലീസുകാരൻ തന്നെ; റബ്ബർ ബുള്ളറ്റ് പോലും ഉപയോഗിച്ചിട്ടില്ലെന്നും വിശദീകരണം

സംഘർഷ സ്ഥലത്ത് ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധം നടന്ന ജാമിയ മിലിയ സർവകലാശാലയിൽ വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. റബ്ബർ ബുള്ളറ്റിൻപോലും പ്രയോഗിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഡൽഹി പൊലീസ് വിശദീകരിക്കുന്നു.

    ഡിസംബർ 15ന് നടന്ന സംഘർഷങ്ങളെ തുടർന്ന് മൂന്നുപേർക്ക് വെടിയുണ്ടയേറ്റ് പരിക്കേറ്റുവെന്നായിരുന്നു റിപ്പോർട്ടുകൾ. വെടിയുണ്ടയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുപേരിൽ ഒരാളെ ഡിസ്ചാർജ് ചെയ്തുവെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. മറ്റു രണ്ടുപേരും ചികിത്സയിലാണ്. മുറിവ് വെടിയുണ്ട കൊണ്ടിട്ടാണോ എന്നതടക്കമുള്ള പരിശോധന നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

    'ഹോളി ഫാമിലി ആശുപത്രിയിൽ വെടിയുണ്ടയേറ്റെന്ന് അവകാശപ്പെട്ട ഒരാളാണ് പ്രവേശിപ്പിക്കപ്പെട്ടത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഈ മുറിവ് വെടിയേറ്റതിലൂടെ ഉണ്ടായതല്ലെന്ന് കണ്ടെത്തി. അയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സഫ്ദർജംഗ് ആശുപത്രിയിൽ രണ്ടുപേർ ചികിത്സയിലാണ്. ഇവരുടെ പരിക്ക് പരിശോധിച്ച് വരികയാണ്'- ഡൽഹി പൊലീസിലെ ഉന്നതൻ പറഞ്ഞു.

    സംഘർഷ സ്ഥലത്ത് ഒരു വെടിയുണ്ട പോലും ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടുന്നു. 'കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചത്. റബ്ബർ ബുള്ളറ്റുകൾ പോലും ഉപയോഗിച്ചിട്ടില്ല' - ഡൽഹി പൊലീസിലെ ഉന്നതൻ വ്യക്തമാക്കി. സംഘർഷ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ തിരകൾ കണ്ടെത്തിയിരുന്നു. പ്രതിഷേധക്കാരിൽ ആരെങ്കിലും വെടിവെച്ചോ എന്നും പരിശോധിക്കുന്നുണ്ട്- പൊലീസ് ഉന്നതൻ പറഞ്ഞു.

    ജാമിയ സര്‍വകലാശാലയിലെ വിദ്യാർഥിനികളെ മർദിക്കുന്ന ചിത്രത്തിലെ ചുവപ്പ് ബാറ്റൺ ഉപയോഗിക്കുന്നത് പൊലീസുകാരനല്ലെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് പൊലീസുകാരനാണെന്നും ഡൽഹി പൊലീസിലെ ഓട്ടോ തെഫ്റ്റ് സ്ക്വാഡിലെ അംഗമാണെന്നുമാണ് വിശദീകരണം. 'സ്ക്വാഡിലെ അംഗമായ അരവിന്ദാണ് ചിത്രങ്ങളിൽ കാണുന്നത്. അന്നേദിവസം ക്രമസമാധാന പാലനത്തിന് റിസർവ് പൊലീസിനെയും വിളിച്ചുവരുത്തിയിരുന്നു. ഈ സ്ക്വാഡിലെ പൊലീസുകാർ സാധാരണയായി യൂണിഫോം ധരിക്കാറില്ല'- ഡൽഹി പൊലീസ് വിശദീകരിക്കുന്നു.

    അതേസമയം യൂണിഫോമോ ബാഡ്ജോ ധരിക്കാത്ത ഒരു പൊലീസുകാരനെ ഇത്തരമൊരു രംഗത്ത് കൈകാര്യം ചെയ്യാൻ നിയോഗിച്ചത് നിയമപരമാണോ എന്ന് പ്രതികരിക്കാൻ പൊലീസ് തയാറായില്ല.
    Published by:Rajesh V
    First published: