HOME » NEWS » India » MAN KILLS LEOPARD TO SAVE HIS FAMILY KARNATAKA

'കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും'; മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു

ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: February 25, 2021, 8:21 AM IST
'കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും'; മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തുഞെരിച്ചു കൊന്നു
Image via Twitter.
  • Share this:
ബെംഗളൂരു: മകളെ രക്ഷിക്കാൻ അച്ഛൻ പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്നു. മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെയാണ് അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത്. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.

മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാർന്നൊഴുകിയിട്ടും പിടിവിട്ടില്ല. ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുലി ചത്തുകിടക്കുന്നതിന്റെയും നാട്ടുകാർ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

Also Read- ആക്രമിച്ച പുള്ളിപ്പുലിയുടെ കണ്ണിൽ വിരൽകുത്തിയിറക്കി 12കാരൻ; മനോധൈര്യം കൊണ്ട് ജീവൻ തിരിച്ചു പിടിച്ചു

കഴിഞ്ഞ ദിവസമാണ് മൈസൂരുവിൽ പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും പന്ത്രണ്ടുകാരൻ രക്ഷപ്പെട്ട വാർത്ത വന്നത്. മൈസൂരു സ്വദേശിയായ നന്ദൻ കുമാർ എന്ന കുട്ടിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചത്. പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി ആയിരുന്നു നന്ദന്‍റെ പ്രത്യാക്രമണം. ഇതോടെ പുള്ളിപ്പുലി കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. കഴുത്തിലും തോളിലും കടിയേറ്റ നന്ദു നിലവിൽ മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് അധികൃതർ അറിയിച്ചത്.

മൈസൂരു കടകോളയിലെ ബീരഗൗഡനഹുണ്ഡിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച് പിതാവിന്‍റെ ഫാം ഹൗസിൽ കന്നുകാലികൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് നന്ദനെ പുള്ളിപ്പുലി ആക്രമിച്ചത്. ഈ ഫാം ഹൗസിനോട് ചേർന്ന് കർണാടക ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 140 ഏക്കറോളം ഒഴിഞ്ഞ ഭൂമിയാണ്. ഇവിടെ ഒളിഞ്ഞിരുന്ന പുലി കന്നുകാലികൾക്ക് ഭക്ഷണം നൽകാനെത്തിയ കുട്ടിക്ക് മേൽ ചാടിവീഴുകയായിരുന്നു.

Also Read-'പുലികൾ ശ്രദ്ധിക്കുക'; തെരുവ് നായയുമായുള്ള പോരാട്ടത്തിൽ പുള്ളിപ്പുലി ചത്തു; പരിക്കേറ്റ നായയും മരണത്തിന് കീഴടങ്ങി

അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചു പോയെങ്കിലും ധൈര്യം കൈവിടാതെ നന്ദൻ പുലിയുടെ കണ്ണിൽ വിരൽ കുത്തിയിറക്കി. ഇതോടെ കഴുത്തില്‍ നിന്നും കടിവിട്ട പുലി കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞു. കഴുത്തിൽ നിന്നും തോളില്‍ നിന്നും രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻ തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കടാകോളയിലെയും സമീപ ഗ്രാമങ്ങളിലെയും ജനങ്ങൾ കർണാടക ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കുറ്റിക്കാടുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം.

Also Read-ആളുകൾക്കൊപ്പം കൂട്ടുകൂടി കളിച്ച് പുള്ളിപ്പുലി; കൗതുകവും ആശങ്കയും ഉയർത്തി ദൃശ്യങ്ങൾ വൈറൽ

പുള്ളിപ്പുലികൾ സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഗിരീഷ് വിശദീകരിച്ചത്. ജില്ലയിൽ നിന്നും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണിത്. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്ത കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Rajesh V
First published: February 25, 2021, 8:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories