കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ യുവാവ് രണ്ട് വർഷത്തിനു ശേഷം തിരിച്ചെത്തി. മധ്യപ്രദേശിലെ ധർ ജില്ലയിൽ നിന്നാണ് അമ്പരപ്പിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ചെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവിന്റെ മൃതദേഹവും ബന്ധുക്കൾ സംസ്കരിച്ചിരുന്നു. രണ്ട് വർഷത്തിനു ശേഷം മരിച്ചെന്ന് കരുതിയയാൾ മടങ്ങി വന്നതോടെ വീട്ടുകാരും നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്.
കമലേഷ് പട്ടീദാർ (35) എന്ന യുവാവാണ് മടങ്ങിയെത്തിയത്. യുവാവിന്റെ അന്തിമ ചടങ്ങുകളും വീട്ടുകാർ നടത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലാണ് കമലേഷിന് രോഗബാധയുണ്ടാകുന്നത്. കോവിഡ് ഗുരുതരമായതിനെ തുടർന്ന് കമലേഷിനെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് കമലേഷ് മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. Also Read- ‘അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, പക്ഷേ ചോദ്യം അവസാനിക്കില്ല’; രാഹുൽ ഗാന്ധി കോലാറിൽ
മാത്രമല്ല, കമലേഷിന്റെതാണെന്ന പേരിൽ മൃതദേഹവും ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കമലേഷ് വീട്ടിൽ തിരിച്ചെത്തിയത്. പുലർച്ചെ ആറ് മണിയോടെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയ കമലേഷ് വാതിൽ മുട്ടി. രണ്ട് വർഷത്തിനു ശേഷം മരിച്ചയാൾ ജീവനോടെ മുന്നിൽ നിൽക്കുന്നത് കണ്ട് വീട്ടുകാർ ആദ്യം അമ്പരന്നു.
രണ്ട് വർഷം എവിടെയായിരുന്നു എന്ന കാര്യം കമലേഷ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബന്ധു പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2021 ലാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമലേഷിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.