'മദ്യപാനി'യായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യ; പൊലീസ് സംരക്ഷണം തേടി യുവാവ്
'മദ്യപാനി'യായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യ; പൊലീസ് സംരക്ഷണം തേടി യുവാവ്
മദ്യപിച്ച് ലക്കുകെട്ടെത്തുന്ന ഭാര്യ,തന്നെ മർദ്ദിക്കാറാണ് പതിവ്. അതിനു ശേഷം സ്ത്രീകളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കും. യുവാവ് പരാതിയിൽ പറയുന്നു.
അഹമ്മദാബാദ്: മദ്യത്തിന് അടിമയായ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം തേടി യുവാവ്. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 29കാരനാണ് ഭാര്യയുടെ മാനസിക-ശാരീരിക പീഡനങ്ങൾ സഹിക്കാൻ വയ്യാതെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യപാനിയായ ഭാര്യതന്നെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു അപേക്ഷ എന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പരാതിക്കാരന്റെ വാക്കുകൾ അനുസരിച്ച് 2018ലായിരുന്നു ഇയാളുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹശേഷമാണ് യുവതി മദ്യത്തിന് അടിമയായിരുന്നു എന്ന് മനസിലാക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ പലപ്പോഴും തന്നെയും മാതാപിതാക്കളെയും പലതരത്തിൽ ഉപദ്രവിക്കാറുണ്ടെന്നാണ് യുവാവ് പറയുന്നത്. ചില സമയങ്ങളിൽ മദ്യപിച്ച് ബോധമില്ലാതെ താൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ആരോപിക്കുന്നു.
ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വയസായ മാതാപിതാക്കളെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയെന്നും ഇയാൾ പറയുന്നു. എന്നാൽ ഈ ജൂണിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അവരുടെ ആരോഗ്യം നോക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തി. ഒപ്പം വന്ന ഭാര്യയും വീട്ടിലെ ഒന്നാം നിലയിൽ താമസാക്കി. എന്നാൽ അസുഖബാധിതരായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. പകരം വീടിന്റെ ഉടമസ്ഥാവകാശം അവരുടെ പേരിൽ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. അങ്ങനെ ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയെന്നും ഇയാൾ ആരോപിക്കുന്നു.
ഇത്രയും ചെയ്തു കൂട്ടിയിട്ടും ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിൽ പരാതി നൽകിയെന്ന കാര്യവും യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ 11നാണ് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി യുവതി പരാതി നൽകിയതെന്നാണ് യുവാവ് പറയുന്നത്. തന്റെ വീട്ടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഭാര്യ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലെത്തി തന്നെ മർദ്ദിക്കാറാണ് പതിവ്. അതിനു ശേഷം സ്ത്രീകളുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് തനിക്കെതിരെ തെറ്റായ ആരോപണങ്ങളും ഉന്നയിക്കും. യുവാവ് പരാതിയിൽ പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.