ഭോപ്പാൽ: റഷ്യൻ (Russia) അധിനിവേശത്തിനിടെ യുക്രെയ്നിൽ (Ukraine) കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ പേരിൽ തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തുന്നു. മകളെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു മധ്യപ്രദേശിൽനിന്നുള്ള യുവതിയിൽനിന്ന് തട്ടിപ്പ് സംഘം 37000 രൂപ തട്ടിയെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിയോഗിച്ച 'പേഴ്സണൽ അസിസ്റ്റന്റ്' എന്ന വ്യാജേന രംഗത്തെത്തിയയാളാണ് പണം തട്ടിയെടുത്തത്. യുക്രെയ്നിൽ ഒറ്റപ്പെട്ടുപോയ മകളെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ 42,000 രൂപയാണ് ലാബ് അസിസ്റ്റന്റായ വൈശാലി വിൽസണിൽനിന്ന് തട്ടിപ്പുകാരൻ ആവശ്യപ്പെട്ടത്. ഇതുപ്രകാരം 42000 രൂപ യുവതി കൈമാറി. എന്നാൽ പിന്നീട് പ്രതികരണം ഇല്ലാതായതോടെയാണ് താൻ തട്ടിപ്പിന് ഇരയായതെന്ന് യുവതിക്ക് ബോധ്യമായത്. ഇതിനിടെ 5000 രൂപ തട്ടിപ്പുകാരൻ തിരികെ നൽകി. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഡൽഹി സ്വദേശിയായ പ്രിൻസ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ യുക്രെയ്നിലുള്ള മകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യാർഥിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് സംഘം യുവതിയെ ബന്ധപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നിയോഗിച്ച ഉദ്യോഗസ്ഥനാണെന്നും, മകളെ നാട്ടിലെത്തിക്കാൻ സഹായിക്കാമെന്നും ഇയാൾ യുവതിയെ ഫോണിലൂടെ അറിയിച്ചു. വിമാന ടിക്കറ്റ് എടുക്കുന്നതിനായി 42000 രൂപ കൈമാറണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത് കേട്ട് ഒരു മടിയും കൂടാതെ യുവതി പണം കൈമാറി. എന്നാൽ, മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ യുവതി പരിഭ്രാന്തയായി.
തട്ടിപ്പുകാരനെ പലതവണ വിളിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ലെന്ന് യുവതി പറഞ്ഞു. നിരന്തരമായി വിളിച്ചതോടെ തട്ടിപ്പ് നടത്തിയയാൾ 5000 രൂപ തിരികെ നൽകുകയും ചില വ്യാജ സ്ലിപ്പുകൾ അയയ്ക്കുകയും ചെയ്തു. യുക്രെയ്നിലെ സ്ഥിതിഗതികളിൽ മകളുടെ അവസ്ഥയോർത്ത് ഏറെ പരിഭ്രാന്തിയിലാണെന്ന് വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായതോടെ യുവതി പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശി പ്രിൻസ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാൻ പൊലീസ് സംഘത്തെ ഡൽഹിയിലേക്ക് അയച്ചിട്ടുണ്ട്.
Also Read-
War In Ukraine | റഷ്യക്കെതിരായ പ്രമേയം: രക്ഷാസമിതി വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു; യു.എൻ പൊതുസഭയിലും നിഷ്പക്ഷ നിലപാട് ആവർത്തിക്കും
അതേസമയം, മകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ യുവതിക്ക് എല്ലാ സഹായവും നൽകുമെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗും ഉറപ്പ് നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വൈശാലിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Summary- Fraudulent groups are on the prowl for the repatriation of Indians stranded in Ukraine during the Russian occupation. The gang swindled Rs 37,000 from a woman from Madhya Pradesh, promising to help her daughter repatriate. The money was laundered by a fake 'Personal Assistant' appointed by the Prime Minister's Office (PMO).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.