ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നും ദമാമിലേക്ക് പോകാനെത്തിയ ജൗഹർ അലി ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡൽഹി വിമാനത്താവളം ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിലാണ് ജൗഹർ അലി ഖാൻ പരസ്യമായി മൂത്രമൊഴിച്ചത്. സ്ത്രീകൾ ഉൾപ്പടെയുള്ള മറ്റ് യാത്രക്കാർ സ്ഥലത്ത് ഉള്ളപ്പോഴാണ് ഇയാൾ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചത്.
പരസ്യമായി മൂത്രമൊവിച്ചശേഷം ജൗഹർ അലി ഖാൻ സുരക്ഷാ ജീവനക്കാരേയും മറ്റ് യാത്രക്കാരെയും അസഭ്യം പറഞ്ഞു. യാത്രക്കാരുടെയും വിമാനത്താവള അധികൃതരുടെയും പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സഹയാത്രക്കാരിയുടെ വസ്ത്രത്തിലും പുതപ്പിലിനും മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.