ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍റെ മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശത്തിൽ യുവതിക്ക് ഉണ്ടായ സംശയം കാരണം മംഗളുരു-മുംബൈ വിമാനം ആറു മണിക്കൂർ വൈകി. സംശയാപ്ദമായ സന്ദേശമാണെന്ന് കരുതി യുവതി അധികൃതരെ വിവരം അറിയിച്ചതാണ് പൊല്ലാപ്പായത്. ഞായറാഴ്ച മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. യുവതി കാബിൻ ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അവരുടെ ലഗേജുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനത്തിൽ അക്രമം നടത്തുമെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്.
വിമാനത്തിൽ തൊട്ടടുത്ത സീറ്റിലിരുന്ന ഒരാളുടെ മൊബൈൽ ഫോണിൽ ഒരു സന്ദേശം കണ്ട യാത്രക്കാരിയാണ് ഇത് ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാർ വിവരം എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയും പറന്നുയരാൻ തയ്യാറായ വിമാനം പുറപ്പെടേണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇതേ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയിൽ ആശയകുഴപ്പം ഉണ്ടാക്കിയത്. യുവതിയുടെ പരാതിയെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും പിന്നീട് വിമാനത്തിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല, അതേസമയം ഇയാളുടെ കാമുകിയെയും അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവർക്ക് ബംഗളുരുവിലേക്കുള്ള വിമാനവും നഷ്ടമായി.
Also Read- മാവേലി എക്സ്പ്രസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു
മംഗളുരു-മുംബൈ വിമാനത്തിലെ 185 യാത്രക്കാരെയും ബാഗേജുകൾ വിശദമായി പരിശോധിച്ച ശേഷമാണ് വിമാനത്തിൽ തിരികെ കയറാൻ അനുവദിച്ചത്. വൈകുന്നേരം 5 മണിക്ക് വിമാനം പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്‍റെ പേരിലാണ് സംശയം ഉണ്ടായതെങ്കിലും സുരക്ഷയെപ്പറ്റിയുള്ള ആശങ്ക കാരണമാണ് വിശദമായ പരിശോധന നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെയും ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fligh, Indigo, IndiGo Flight