അഗർത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബിജെപി എംഎൽഎമാരുടെ യോഗത്തിലാണു തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന അവ്യക്തതയ്ക്ക് വിരാമമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക് എന്നിവരുടെ പേരുകളാണു പരിഗണിച്ചിരുന്നത്. പ്രതിമാ ഭൗമിക് ആണ് മണിക് സാഹയുടെ പേര് നിർദേശിച്ചത്.
Also Read- കുഞ്ഞൻ ത്രിപുരയിലെ പ്രകടനം ബിജെപിയ്ക്ക് വമ്പൻ യുപിയിലെ വിജയത്തിനൊപ്പമാകുന്നതെന്തുകൊണ്ട്?
നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണു ബിപ്ലവ് കുമാർ ദേബിനെ മാറ്റി 70 കാരനായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണ് പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്.
ആകെയുള്ള 60 സീറ്റുകളിൽ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും 33 സീറ്റുകളിലാണ് വിജയിച്ചത്. പുതിയ മന്ത്രിസഭയുടെ സ്ഥാനാരോഹണ ചടങ്ങ് ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read- ‘മമത പുറത്താകാതെ ഇനി മുടി വളര്‍ത്തില്ല’;തലമുണ്ഡനം ചെയ്ത് ബംഗാൾ കോണ്‍ഗ്രസ് നേതാവിന്റെ ശപഥം
ടൗൺ ബർദൗലി മണ്ഡലത്തിൽ നിന്നാണ് മണിക് സാഹ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പ്രതീക്ഷിച്ച വിജയമാണ് പാർട്ടി നേടിയതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം മണിക് സാഹ പ്രതികരിച്ചിരുന്നു. “ബിജെപിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു… ഞങ്ങൾ അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്തം വർധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന ദിശയിൽ ഞങ്ങൾ സഞ്ചരിക്കും” അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.