HOME /NEWS /India / മണിപ്പൂര്‍ സംഘര്‍ഷത്തിൽ മരണം 60; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

മണിപ്പൂര്‍ സംഘര്‍ഷത്തിൽ മരണം 60; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി

 (PTI File)

(PTI File)

കലാപകാരികള്‍ സുരക്ഷാ സേനാംഗങ്ങളില്‍ നിന്ന് 1041 തോക്കുകള്‍ കൊള്ളയടിച്ചതായും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്

  • Share this:

    മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. 231 പേര്‍ക്ക് പരിക്കേറ്റു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 1,700 വീടുകള്‍ക്ക് തീയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ചെറിയ പരിക്കുകള്‍ ഉണ്ടായവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി ഇംഫാലില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

    ‘ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. മണിപ്പൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണം’ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആവശ്യപ്പെട്ടു. അക്രമത്തില്‍ ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ 1,700 വീടുകള്‍ അഗ്‌നിക്കിരയായതായും അദ്ദേഹം പറഞ്ഞു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്നും വീടുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    Also Read- മണിപ്പൂർ കലാപം: മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് കേന്ദ്രത്തോട് കോൺഗ്രസ്

    ‘പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 20,000 പേരെ മാറ്റി. പതിനായിരം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്, എത്രയും വേഗം അവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. മനുഷ്യജീവനുകള്‍ വിലപ്പെട്ടതാണ്, വീടുകളും സ്വത്തുക്കളും നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല,’ സിംഗ് പറഞ്ഞു.

    Also Read- മണിപ്പൂർ കലാപവും മയക്കുമരുന്നും തമ്മിലുള്ള ബന്ധമെന്ത്? ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടെന്ത്?

    കലാപകാരികള്‍ സുരക്ഷാ സേനാംഗങ്ങളില്‍ നിന്ന് 1041 തോക്കുകള്‍ കൊള്ളയടിച്ചതായും അതില്‍ 214 എണ്ണം കണ്ടെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. തോക്കുകള്‍ കൊള്ളയടിച്ചവര്‍ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് തിരിച്ച് ഏല്‍പ്പിക്കണമെന്നും അല്ലാത്തപക്ഷം മാസ് ഓപ്പറേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ചുരാചന്ദ്പൂര്‍, ഉഖ്റുള്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പി ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി കാബിനറ്റ് പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read- മണിപ്പൂര്‍ കലാപത്തില്‍ മരണസംഖ്യ 50 കടന്നു; ചുരാചന്ദ്പൂരിൽ കര്‍ഫ്യൂവിന് ഇളവ്

    ‘അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും ഭൂമിക്കും വസ്തുവകകള്‍ക്കും അവരുടെ ഉടമസ്ഥരുടെ അഭാവത്തില്‍ മുഴുവന്‍ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനും എസ്പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത്തരം ഭൂമിയും വസ്തുവകകളും കൊള്ളയടിക്കാനോ കൈവശപ്പെടുത്താനോ ശ്രമിക്കുന്നവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ‘സിംഗ് പറഞ്ഞു.

    മണിപ്പൂരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് ആകുകയാണെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പറഞ്ഞു. കലാപത്തില്‍ ഉള്‍പ്പെട്ട അക്രമികള്‍ക്കെതിരെ 218 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് 10 മലയോര ജില്ലകളില്‍ ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തേയി സമുദായം ഇംഫാല്‍ താഴ്വരയിലാണ് കൂടുതലായും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ഗോത്രവര്‍ഗ്ഗക്കാരായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

    First published:

    Tags: Manipur, Manipur govt, Riot