ഇന്ത്യയുടെ റയിൽവേ ഭൂപടത്തിൽ ഇടം പിടിച്ച് മണിപ്പൂരും. സംസ്ഥാനത്തെ ആദ്യ പാസഞ്ചർ ട്രയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. അസാമിലെ സിൽച്ചർ റയിൽവേ സ്റ്റേഷനിൽ നിന്ന് മണിപ്പൂരിലെ വൈഗൈചുൻപാവോ സ്റ്റേഷനിലേക്കുള്ള 11 കിലോമീറ്റർ ദൂരമായിരുന്നു പരീക്ഷണ ഓട്ടം.
രാജധാനി എക്സ്പ്രസ് എന്ന ട്രെയിനിലാണ് മണിപ്പൂരിലേക്കുള്ള പരീക്ഷണ ഓട്ടം നടത്തിയത്. ചരിത്ര നിമിഷമാണിതെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗും പറഞ്ഞു.
റയിൽവേ ഉദ്യോഗസ്ഥരെയും വഹിച്ചു കൊണ്ടായിരുന്നു യാത്ര. ട്രെയിൻ അൽപ്പസമയത്തേക്ക് നിർത്തിയ ജിറിബാം സ്റ്റേഷനിൽ ഒത്തുകൂടിയ നാട്ടുകാർ റയിൽവേ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തുവെന്ന് ഈസ്റ്റ് മോജോ റിപ്പോർട്ട് ചെയ്യുന്നു. ശേഷം സ്ഥലത്ത് പതാക ഉയർത്തുകയും ദേശീയ ഗാനം ചൊല്ലി ആളുകൾ പിരിയുകയും ചെയ്തു. വടക്ക് കിഴിക്കൻ മേഖലാ റയിൽവേ സീനിയർ പിആർഒ നൃപേൻ ഭട്ടാചാര്യ, സിൽച്ചർ സിഡിഒ അബ്ദുൾ ഹക്കീം മറ്റ് റയിൽവേ ഉദ്യോഗസ്ഥർ എന്നിവരും ജിറിബാം സ്റ്റേഷനിൽ എത്തിയിരുന്നു.
സിലാചറിൽ നിന്നു വൈഗൈചുൻപാവോ വരെ ബ്രോഡ് ഗേജ് പാത നീട്ടിയിട്ടുണ്ടെന്നും ഇതുവഴിയുള്ള പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് അധികം വൈകാതെ തുടങ്ങുമെന്നും വടക്ക് കിഴക്കൻ മേഖലാ റയിൽവേ സീനിയർ പിആർഒ നൃപേൻ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഐപിഎസ് ഓഫീസർ റുബിൻ ഷർമ്മ പങ്കുവെച്ച പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ ജൂലൈ 3 ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് റീ ട്വീറ്റ് ചെയ്തിരുന്നു. ചരിത്ര നിമിഷമാണിത് എന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
ബിജെപി നേതാവും വടക്ക് കിഴക്കൻ മേഖലയുടെ വികസന പ്രവർത്തനങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിംഗും ട്വിറ്ററിൽ പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ പങ്കുവെച്ചു. മണിപ്പൂർ ഒടുവിൽ ഇന്ത്യയുടെ റയിൽവേ ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അധികം വൈകാതെ തന്നെ സിൽച്ചറിൽ നിന്നും വൈഗൈചുൻപാവോ വരെയുള്ള പാതയുടെ ഉദ്ഘാടനം കേന്ദ്ര റയിൽവേ മന്ത്രി പിയൂഷ് ഗോയൽ നിർവ്വഹിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മണിപ്പൂരിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ട്രെയിൻ സൗകര്യം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
വൈഗൈചുൻപാവോയിൽ നിന്ന് തലസ്ഥാനമായ ഇംഫാലിലേക്ക് ഉള്ള റയിൽവേ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും വിശാലമായ റയിൽവേ നെറ്റ് വർക്കുള്ള രാജ്യമാണ് ഇന്ത്യ. 22.5 മില്യൺ യാത്രക്കാരാണ് ഓരോ ദിവസവും ഇന്ത്യൻ റയിൽവേയെ ആശ്രയിക്കുന്നത്.
ഒരു വർഷത്തെ റയിൽവേയിലെ യാത്രക്കാരുടെ കണക്ക് എടുത്താൽ ഏകദേശം 8.224 ബില്യൺ വരും. ലോക ജനസംഖ്യയേക്കാൾ വളരെ വലുതാണിത്. ഇന്ത്യൻ റയിൽവേയുടെ ആകെ നീളം എന്ന് പറയുന്നത് ഏകദേശം 66, 030 കിലോമീറ്ററാണ്. ഭൂമിക്ക് ചുറ്റുമുള്ള നീളത്തേക്കാൾ വരും ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.