ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് (Smriti Irani) ബിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത പ്രതിപക്ഷ് സഭയിൽ കടുത്ത പ്രതിഷേധമുയർത്തി. ബില്ലിന്റെ പകർപ്പ് പ്രതിപക്ഷ അംഗങ്ങൾ കീറിയെറിഞ്ഞു.
കൂടിയാലോചനകളില്ലാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാരിന്റേത് ഭരണഘടനാ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി കുറ്റപ്പെടുത്തി. എൻ കെ പ്രേമചന്ദ്രൻ എം പിയും ബില്ലിനെ വിമർശിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വിവാഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുന്നതാണ് നിയമമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളുടെ ശാരീരികവും മാനസികവും പ്രത്യുൽപ്പാദനപരവുമായ ആരോഗ്യം പ്രധാനമാണെന്നും ബിൽ അവതരിപ്പിച്ചു കൊണ്ട് മന്ത്രി വ്യക്തമാക്കി.എല്ലാ സമുദായങ്ങൾക്കും നിയമം ബാധകമാകും.
ഹിന്ദു, കിസ്ത്യൻ പാഴ്സി വിവാഹ നിയമങ്ങളിൽ മാറ്റം വരും. മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹത്തിനും പ്രായം ബാധകമാകും. സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. വിഷയം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു. വിവാഹപ്രായം ഉയർത്തുന്നതിൽ ദുരൂഹതയുണ്ടെന്നാണ് സി പി എം നിലപാട്. ജനാധിപത്യ മഹിളാ അസോസിയേഷനും ദേശീയ മഹിളാ ഫെഡറേഷനും പ്രായം ഉയർത്തുന്നതിൽ എതിർപ്പറിയിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.