ഒളിച്ചോടിയ യുവതിയെയും യുവാവിനെയും കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ പകുതി യുവാവ് നല്‍കണമെന്ന നിര്‍ദേശവുമായി ഗുജറാത്ത് ഹൈക്കോടതി (gujrat hc). ഇരുവരെയും കണ്ടെത്തുന്നതിനായി ഏഴ് മാസത്തിലധികമാണ് പൊലീസ് (police) ചെലവഴിച്ചത്. 2021 മെയ് മാസത്തില്‍ രാജ്കോട്ടിലാണ് (rajkot) കേസിനാസ്പദമായ സംഭവം നടന്നത്. രാഘഭായ് പാര്‍മര്‍ എന്ന 20 കാരന് സമപ്രായക്കാരിയായ ഒരു യുവതിയുമായി (eloped) ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് യുവതിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഏഴ് മാസത്തിനു ശേഷം പൊലീസ് ഇരുവരെയും കണ്ടെത്തുകയും യുവതി തിരികെ മാതാപിതാക്കൾക്കൊപ്പം മടങ്ങുകയും ചെയ്തു. എന്നാല്‍ യുവാവ് നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു.
വിവാഹിതനാണെന്നിരിക്കെ മറ്റൊരു യുവതിയുമായി ഒളിച്ചോടിയ യുവാവിന് തക്കതായ ശിക്ഷ തന്നെയാണ് കോടതി നല്‍കിയത്. യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവരാന്‍ പോലീസ് ചെലവഴിച്ച തുക പാര്മറില് നിന്ന് ഈടാക്കാനാണ് ഹൈക്കോടതി നിർദ്ദേശം. വിവാഹിതനായിരുന്നിട്ടും മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതിനും യുവതിയെ ചൂഷണം ചെയ്തതിനുമുള്ള ശിക്ഷയാണ് കോടതി പിഴയായി വിധിച്ചത്. ഏഴ് മാസത്തെ അന്വേഷണത്തില്‍ 17,710 മണിക്കൂര്‍ ചെലവഴിച്ചതായി രാജ്കോട്ട് പോലീസ് കോടതിയെ അറിയിച്ചു.
പിന്നീട് 19 ദിവസത്തെ അന്വേഷണം കൂടി വേണ്ടിവന്നു. 42,500 രൂപയാണ് ഇതിനായി ചെലവഴിച്ചത്. കൂടാതെ, ഹൈക്കോടതിയില്‍ ഹാജരാകുന്നതിനു വേണ്ടി വന്ന ചെലവുകള്‍ ഏകദേശം 75,000 രൂപയായിരുന്നു. യുവതിയെ തിരികെ കൊണ്ടുവരാന്‍ ആകെ 1,17,500 രൂപ പൊലീസ് ചെലവഴിച്ചിട്ടുണ്ട്. തന്റെ മകളെ കണ്ടെത്താന്‍ 8.06 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഇതില്‍ മകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും യുവതിയുടെ പിതാവ് കോടതിയെ അറിയിച്ചു. ഉചിതമായ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ യുവതിയുടെ പിതാവിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് നിരവ് സംഘാവി പറഞ്ഞു.
പോലീസിന് നേരിടേണ്ടി വന്ന ചെലവില്‍ ആശങ്കയുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു. ഹര്ജിക്കാരന് മുഴുവന്‍ തുകയും അടയ്ക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാമായിരുന്നുവെങ്കിലും, പ്രസ്തുത തുകയുടെ 50% അതായത്, 55,000 രൂപ നല്‍കുന്നതാണ് ഉചിതമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഈ തുക ഹൈക്കോടതി രജിസ്ട്രിയില്‍ നല്‍കണമെന്ന് കോടതി പാര്മറിനോട് ഉത്തരവിട്ടിട്ടുണ്ട്. പണമടയ്ക്കാതിരുന്നാല്‍ രജിസ്ട്രി അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പാര്‍മറിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയും ചെയ്യും. പാര്‍മര്‍ തുക നല്കി കഴിഞ്ഞാല്‍ അത് രാജ്കോട്ട് സിറ്റിയിലെ പോലീസ് ക്ഷേമനിധിയിലേക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
അതേസമയം, നിരപരാധികളായ സ്ത്രീകളെ രക്ഷിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ ഇയാളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാമോ എന്ന് കോടതി നേരത്തെ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ, പാര്‍മര്‍ മറ്റ് സ്ത്രീകളുമായി ഒളിച്ചോടിയതിന്റെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പാര്‍മറിന് വിവാഹമോചനം ലഭിച്ചതായി പാര്‍മറിന്റെ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.