ഇന്ത്യയിലുടനീളം (India) കോവിഡ് (Covid) കേസുകളുടെ എണ്ണത്തിൽ തുടർച്ചയായുള്ള ഇടിവ് കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കും. മഹാമാരി (Pandemic) ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ അവസാനിക്കുമെങ്കിലും മാസ്ക് (Mask) ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമായ മാനദണ്ഡങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കാൻ വിവിധ സംസ്ഥാനങ്ങൾ വ്യാഴാഴ്ച തീരുമാനിച്ചു. ഏറ്റവും കൂടുതൽ രോഗം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ പൊതു സ്ഥലങ്ങളിൽ മാസ്ക്കുകൾ നിർബന്ധമായും ധരിക്കുന്നത് ഒഴിവാക്കാൻ ഡൽഹിയും തീരുമാനിച്ചു.
രോഗനിർണ്ണയം, നിരീക്ഷണം, കോൺടാക്റ്റ് ട്രെയ്‌സിംഗ്, ചികിത്സ, വാക്സിനേഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മഹാമാരിയെ നേരിടുന്നതിനുള്ള വിവിധ വശങ്ങൾക്കായി കഴിഞ്ഞ 24 മാസമായി ആവശ്യമായ കാര്യങ്ങൾ വികസിപ്പിച്ചെടുത്തതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ കഴിവുകളും സംവിധാനങ്ങളും വികസിപ്പിക്കുകയും മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദിഷ്ട പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഭല്ല പറഞ്ഞു.
“മഹാമാരി സാഹചര്യം നേരിടാനുള്ള സർക്കാരിന്റെ മൊത്തത്തിലുള്ള പുരോഗതിയും തയ്യാറെടുപ്പും കണക്കിലെടുത്ത്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കോവിഡ് നിയന്ത്രണ നടപടികൾക്കായുള്ള നടപ്പിലാക്കിയ ഡിഎം ആക്ടിലെ വ്യവസ്ഥകൾ ഇനിയങ്ങോട്ട് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു" അദ്ദേഹം വ്യക്തമാക്കി.
2020 മാർച്ച് 24നാണ് രാജ്യത്ത് കോവിഡ് -19 നിയന്ത്രണത്തിനായി ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്‌റ്റ് (DM Act) 2005 പ്രകാരം ആദ്യമായി ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിച്ചത്. അവ വിവിധ അവസരങ്ങളിൽ പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.
മാർച്ച് 31 ന് നിലവിലുള്ള ഉത്തരവിന്റെ കാലാവധി അവസാനിക്കുന്നതോടെ ആഭ്യന്തര മന്ത്രാലയം കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്നും ഭല്ല പറഞ്ഞു. എന്നാൽ, കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗവും കൈകളുടെ ശുചിത്വവും മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
രോഗത്തിന്റെ സ്വഭാവം കണക്കിലെടുത്ത്, ജനങ്ങൾ ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ നടപടികൾക്കായി ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ളതും നൽകുന്നതുമായ മാർഗനിർദ്ദേശങ്ങൾ തുടർന്നും പിന്തുടരേണ്ടതുണ്ട്.
1,225 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകൾ 4,30,24,440 ആയി ഉയർന്നു. നിലവിലെ സജീവ കേസുകൾ 14,307 ആയി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,21,129 ആയി ഉയർന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in India, Mask