ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ ഉത്തർപ്രദേശിലെ എസ് പി - ബി എസ് പി മഹാസഖ്യം തകർച്ചയിലേക്ക്. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി പറഞ്ഞു. അഖിലേഷ് യാദവിന് സ്വന്തം ഭാര്യയുടെ വിജയം പോലും ഉറപ്പിക്കാനായില്ലെന്നും അവലോകനയോഗത്തിൽ മായാവതി വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ ഉത്തർപ്രദേശിൽ മായാവതിയും അഖിലേഷ് യാദവും കൈകോർത്ത മഹാസഖ്യമാണ് മാസങ്ങൾക്കിപ്പുറം തകരുന്നത്. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ വിളിച്ച പാർട്ടി നേതാക്കളുടെ യോഗത്തിൽ ബി എസ് പി അധ്യക്ഷ മായാവതി സഖ്യം അവസാനിപ്പിക്കുമെന്ന സൂചന നൽകി. സഖ്യം കൊണ്ട് ഉപകാരം ഉണ്ടായില്ലെന്ന് മായാവതി തുറന്നടിച്ചതായാണ് റിപ്പോർട്ടുകൾ.
യാദവവോട്ടുകൾ ഉറപ്പിക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞില്ല. അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ യാദവിന് പോലും യാദവവോട്ടുകൾ ലഭിച്ചില്ല. യാദവവോട്ടുകൾ കോൺഗ്രസും അഖിലേഷുമായി പിണങ്ങിനിൽക്കുന്ന അമ്മാവൻ ശിവ്പാൽ യാദവും ഭിനിപ്പിച്ചുവെന്നാണ് മായാവതിയുടെ വിലയിരുത്തൽ.
എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ രാജിവെച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 11 സീറ്റുകളിലേക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ ബി എസ് പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചു. 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ബി എസ് പി - എസ് പി മഹാസഖ്യം ഉണ്ടാകുമെന്നാണ് അഖിലേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാനത്തെ 80 ലോക്സഭാ മണ്ഡലങ്ങളിൽ ബി എസ് പി പത്ത് സീറ്റുകളിലും എസ് പി അഞ്ച് സീറ്റുകളിലുമാണ് വിജയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.