ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ച് ആം ആദ്മി പാർട്ടി. ആപ്പിന്റെ മുന്നേറ്റത്തിൽ പതിനഞ്ചു വർഷമായി മുൻസിപ്പൽ കോർപറേഷൻ ഭരിച്ച ബിജെപിയ്ക്ക് അടിതെറ്റി. 250 വാർഡുകളിൽ 134 ഇടത്ത് ആം ആദ്മി പാർട്ടി വിജയിച്ചപ്പോൾ ബിജെപിയ്ക്ക് നേടാനായത് 103 വാർഡുകളാണ്. അമ്പേ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രമാണ് സ്വന്തമാക്കാനായത്.
ഡൽഹിയ്ക്കൊപ്പം ഇനി ഡൽഹി മുൻസിപ്പൽ കോർപറേഷനും ആം ആദ്മി പാർട്ടി ഭരിക്കും. കെജ്രിവാളിന്റെയും സംഘത്തിന്റെയും മുന്നേറ്റത്തിൽ ബിജെപിയ്ക്കും കോൺഗ്രസിനും ഉണ്ടായത് കനത്ത തിരിച്ചടി. 2007 മുതൽ കൈവശമുള്ള മുൻസിപ്പൽ കോർപറേഷൻ ബിജെപിയ്ക്ക് നഷ്ട്ടപെട്ടു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ആംആദ്മിയും ബിജെപിയും ഒപ്പത്തിന് ഒപ്പമായിരുന്നുവെങ്കിൽ വോട്ടെണ്ണൽ പുരോഗമിക്കും തോറും കെജ്രിവാളും കൂട്ടരും ലീഡ് ഉയർത്തി.
Also Read- പതിറ്റാണ്ടുകളായി വികസനമില്ല; ഗുജറാത്തിലെ നാല് ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
ബിജെപി കോട്ട പോലെ കാത്ത പല വാർഡുകളും ആം ആദ്മിയുടെ ജൈത്രയാത്രയിൽ വീണു. കൗൺസിലർമാരുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ ആകാതെ കോൺഗ്രസ് നിലംപരിശായി. ഡൽഹിയിലെ വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയവർക്കാണ് അവർ വോട്ട് ചെയ്തതെന്നും ആം ആദ്മി നേതൃത്വം പ്രതികരിച്ചു.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയ ശേഷം നടന്ന ആദ്യ തെരെഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ തവണ ബിജെപി 181 വാർഡുകളിലും ആം ആദ്മി പാർട്ടി 48വാർഡുകളും കോൺഗ്രസ് 27 വാർഡുകളുമായിരുന്നു വിജയിച്ചിരുന്നത്. മദ്യ നയത്തിലെ അഴിമതി അടക്കം കെജ്രിവാൾ മന്ത്രിസഭാ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണം ബിജെപി പ്രചാരണ ആയുധമാക്കിയ തെരെഞ്ഞെടുപ്പിൽ ജയം നേടാനായത് ആം ആദ്മിക്ക് കരുത്തു പകരുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.