• HOME
  • »
  • NEWS
  • »
  • india
  • »
  • Kartikeya Sharma | അജയ് മാക്കനെ തറപറ്റിച്ച മാധ്യമ മുതലാളി; 10 ദിവസം മുമ്പ് മാത്രം രാഷ്ട്രീയത്തിലെത്തിയ കാര്‍ത്തികേയ ശര്‍മ

Kartikeya Sharma | അജയ് മാക്കനെ തറപറ്റിച്ച മാധ്യമ മുതലാളി; 10 ദിവസം മുമ്പ് മാത്രം രാഷ്ട്രീയത്തിലെത്തിയ കാര്‍ത്തികേയ ശര്‍മ

ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ജനായക് ജനതാ പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് സ്വതന്ത്രനായ കാര്‍ത്തികേയ ശര്‍മ്മ വിജയിച്ചത്.

കാർത്തികേയ ശർമ്മ (ഇടത്) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും (നടുക്ക്) മറ്റ് നേതാക്കൾക്കുമൊപ്പം(Twitter/@mlkhattar)

കാർത്തികേയ ശർമ്മ (ഇടത്) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും (നടുക്ക്) മറ്റ് നേതാക്കൾക്കുമൊപ്പം(Twitter/@mlkhattar)

  • Share this:
    ഹരിയാനയില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു അജയ് മാക്കന്‍ (Ajay Maken). എന്നാല്‍, മാക്കനെ പരാജയപ്പെടുത്തി രാജ്യസഭയിലെത്തിയത് കേവലം 10 ദിവസങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാര്‍ത്തികേയ ശര്‍മ്മയാണ് (Kartikeya Sharma) . ഭാരതീയ ജനതാ പാര്‍ട്ടിയുടെയും (BJP) ജനായക് ജനതാ പാര്‍ട്ടിയുടെയും (JJP) പിന്തുണയോടെയാണ് സ്വതന്ത്രനായ കാര്‍ത്തികേയ ശര്‍മ്മ വിജയിച്ചത്.

    വ്യവസായിയും മാധ്യമ ഉടമയുമായ 41-കാരനായ ശര്‍മ്മ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിഎസ്സിയും ലണ്ടനിലെ കിംഗ്സ് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2007ല്‍ കാര്‍ത്തികേയ ശര്‍മ്മ ഐടിവി നെറ്റ്വര്‍ക്ക് സ്ഥാപിച്ചു. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളും പ്രാദേശിക ദിനപത്രങ്ങളും ഈ ശൃംഖലയ്ക്ക് കീഴിലുണ്ട്. ഐടിവി നെറ്റ്വര്‍ക്കിന്റെ ദേശീയ ചാനലായ ന്യൂസ് എക്സും ഇന്ത്യ ന്യൂസ് ഹരിയാന, ഇന്ത്യ ന്യൂസ് മധ്യപ്രദേശ്, ഇന്ത്യ ന്യൂസ് ഛത്തീസ്ഗഡ്, ഇന്ത്യ ന്യൂസ് പഞ്ചാബ്, ഇന്ത്യ ന്യൂസ് ഉത്തര്‍പ്രദേശ്, ഇന്ത്യ ന്യൂസ് ഉത്തരാഖണ്ഡ് തുടങ്ങിയ പ്രാദേശിക ചാനലുകളും ഹിന്ദി കേന്ദ്രീകൃതമായ പ്രദേശങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നവയാണ്.

    ഗുരുഗ്രാം, ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. ഹരിയാന മുന്‍ നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ്മയുടെ മകള്‍ ഐശ്വര്യ ശര്‍മ്മയെയാണ് കാര്‍ത്തികേയ ശര്‍മ്മ വിവാഹം കഴിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, കാര്‍ത്തികേയ ശര്‍മ്മയുടെ ആസ്തി 390.63 കോടി രൂപയാണ്. ഇതില്‍ പിക്കാഡിലി ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 14.60 കോടി രൂപയും സൂണ്‍-എന്‍-ഷുവര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ 35.04 ലക്ഷം രൂപയും മാര്‍ക്ക് ബില്‍ഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 367.65 കോടി രൂപയും ഉള്‍പ്പെടുന്നു.

    ഗുഡ് മോര്‍ണിംഗ് ഇന്ത്യ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഡി മീഡിയ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫര്‍മേഷന്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സമലാഖയില്‍ 2.52 ഏക്കര്‍ കൃഷിഭൂമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. മാധ്യമ മേഖലയ്ക്ക് പുറമെ പഞ്ചസാര ഫാക്ടറികളും ഹോട്ടല്‍ ബിസിനസും കാർത്തികേയ ശർമ്മയ്ക്കുണ്ട്.

    ഫലം പ്രഖ്യാപിച്ചതിന് ശേഷം തന്നെ പിന്തുണച്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ബിജെപി-ജെജെപി നേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിമതന്‍ കുല്‍ദീപ് ബിഷ്ണോയിയുടെ വോട്ട് തനിക്ക് അനുകൂലമാക്കിയതിനും അദ്ദേഹം നന്ദി അറിയിച്ചു. '' ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് 10 ദിവസങ്ങള്‍ക്ക് മുമ്പാണ്. പക്ഷേ വിദ്യാഭ്യാസം, കായികം, യുവജനകാര്യം എന്നീ മേഖലകളില്‍ അനുഭവ പരിചയമുണ്ട്. രാജ്യസഭയില്‍ ഹരിയാനയുടെ ശബ്ദമാകാന്‍ ഞാന്‍ പ്രവര്‍ത്തിക്കും,'' അദ്ദേഹം പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കാര്‍ത്തികേയ ശര്‍മയെ പിന്തുണച്ചതിന് ബിജെപി-ജെജെപി എംഎല്‍എമാര്‍, സ്വതന്ത്ര എംഎല്‍എമാര്‍, കുല്‍ദീപ് ബിഷ്ണോയി എന്നിവര്‍ക്ക് ബിജെപിയുടെ ഹരിയാന അധ്യക്ഷന്‍ ഒപി ധൻകര്‍ നന്ദി പറഞ്ഞു.
    Published by:Naveen
    First published: