• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

''അവൻ എനിക്കിട്ട് മനപൂർവ്വം പണിയുന്നതാ" സോമനാഥ് ചാറ്റർജിയെക്കുറിച്ച് അണ്ണന്‍റെ വാക്കുകളാണ്

news18india
Updated: August 13, 2018, 10:15 PM IST
''അവൻ എനിക്കിട്ട് മനപൂർവ്വം പണിയുന്നതാ
news18india
Updated: August 13, 2018, 10:15 PM IST
തിരുവനന്തപുരം: ''അവൻ എനിക്കിട്ട് മനപൂർവ്വം പണിയുന്നതാ. അവനിട്ടുളള പണി എന്റെ കൈയ്യിലുണ്ട്''. മുൻ ലോക്സഭാ സ്പീക്കറും സി പി എം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജിയെക്കുറിച്ച് നമ്മുടെ നാട്ടിൽ നിന്നുള്ള ഒരു നേതാവിന്‍റെ കമന്‍റാണ്. വേറെ ആരുടെയുമല്ല വർക്കല രാധാകൃഷ്ണന്‍റെ. പക്ഷേ, രണ്ട് വൃദ്ധന്മാർ തമ്മിലുളള ജ്ഞാനപോരാട്ടം സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിന്‍റെ പശ്ചാത്തലത്തിൽ ന്യൂസ് 18 പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ് ആയ ആർ കിരൺ ബാബു ഓർത്തെടുക്കുകയാണ്. ഫേസ്ബുക്കിലാണ് കിരൺ ഓർമ്മക്കുറിപ്പ് പങ്കുവെച്ചത്.

ആർ കിരൺ ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

സോമനാഥ് ചാറ്റർജിയും അണ്ണനും
Loading...

''അവൻ എനിക്കിട്ട് മനപൂർവ്വം പണിയുന്നതാ. അവനിട്ടുളള പണി എന്റെ കൈയ്യിലുണ്ട്''. അണ്ണന്റെ വാക്കുകളാണിത്. ഈ കക്ഷി അണ്ണനിട്ട് പണിയുന്നതും അണ്ണൻ തിരിച്ചു പണികൊടുക്കുന്നതും പല കുറി കണ്ടിട്ടുണ്ട്. തിരിച്ച് പണി കൊടുത്ത ശേഷം അതു പറഞ്ഞുളള അണ്ണന്റെ ചിരി പലരുടെയും ഓർമ്മയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടാകും. രണ്ട് വൃദ്ധന്മാർ തമ്മിലുളള ജ്ഞാനപോരാട്ടം പാർലമെന്ററി രേഖയുടെ ഭാഗമാണ്.

ഒന്നാന്തരം പണി പണിയുന്നയാൾ സോമനാഥ് ചാറ്റർജി. തിരിച്ചു പണിയുന്നയാളിന്റെ പേര് പിന്നീട് പറയാം. വേദി ഒന്നാം യു പി എ സർക്കാർ കാലത്തെ ലോക്​സഭ.

2004 ൽ ഒന്നാം യു പി എ സർക്കാരിൽ സ്പീക്കറാകും മുമ്പ് ഒമ്പത് തവണ ലോക്​സഭാംഗം ആയിരുന്നു സോമനാഥ് ചാറ്റർജി. 1971 ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ലോക്​സഭയിൽ എത്തി. 1989 മുതൽ 2004 വരെ സി പി എം ലോക്​സഭാ കക്ഷി നേതാവ്. സി പി എം നേതൃത്വത്തിൽ ഇടതു പാർട്ടികൾ ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിർണായക ഇടപെടലുകൾ നടത്തിയ വർഷങ്ങൾ. ഇക്കാലയളവിൽ വന്നു പോയ പ്രധാനമന്ത്രിമാരുടെ എണ്ണം ആറാണ്. വി പി സിംഗ്, ചന്ദ്രശേഖർ, പി വി നരസിംഹ റാവു, എ ബി വാജ്​പെയ്, എച്ച്. ഡി ദേവഗൗഡ, ഐ കെ ഗുജ്​റാൾ, വീണ്ടും വാജ്​പെയ്. ഒരിക്കൽ മാത്രമേ സോമനാഥ് ചാറ്റർജി തോറ്റിട്ടുളളു. 1984 ൽ ജാഥവ്പൂരിൽ. 29 കാരിയായ മമതാ ബാനർജിയോടായിരുന്നു തോൽവി. മമതയുടെ കന്നി വിജയം. പക്ഷേ, മാസങ്ങൾക്കുളളിൽ നടന്ന ബോൽപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച് സോമനാഥ് എട്ടാം ലോക്​സഭയിൽ എത്തി.

14 ആം ലോക്​സഭയിലെ പ്രോട്ടെം സ്പീക്കർ സോമനാഥ് ചാറ്റർജി ആയിരുന്നു. പത്താം തവണയും ജയിച്ചെത്തിയ അദ്ദേഹത്തിന്റെ പേരിന് എതിരില്ലായിരുന്നു. ലോക്​സഭ ഐകകണ്ഠ്യേന സോമനാഥ് ചാറ്റർജിയെ സ്​പീക്കറായി തെരഞ്ഞെടുത്തു. 145 എം പിമാർ മാത്രം ഉണ്ടായിരുന്ന കോൺഗ്രസിനെ മുൻ നിർത്തി യു പി എ സർക്കാർ സാധ്യമാക്കിയപ്പോൾ കോൺഗ്രസ് മുന്നോട്ടു വച്ച അധികാര വാഗ്​ദാനങ്ങളിൽ സി പി എം സ്വീകരിച്ചത് സ്​പീക്കർ സ്ഥാനം മാത്രമാണ്. സി പി എം നൽകിയ സ്ഥാനം എന്നതിന് അപ്പുറം നൽകിയ സോമനാഥ് ചാറ്റർജിയുടെ പാർലമെന്ററി അനുഭവ സമ്പത്തിനും പരിജ്ഞാനത്തിനും സഭ നൽകിയ ആദരം ആയിരുന്നു അന്നത്തെ സ്​പീക്കർ സ്ഥാനം.

സോമനാഥ് ചാറ്റർജി സ്​പീക്കർ സ്ഥാനത്തേക്ക് പോയതോടെ സി പി എമ്മിന് പാർലമെന്റിൽ ഉണ്ടായ നഷ്​ടം വളരെ വലുതായിരുന്നു. പാർലമെന്ററി നടപടി ക്രമങ്ങളിലെ അത്യഗാധമായ അറിവും വാക്​ചാതുരിയും നയതന്ത്ര മികവും കൊണ്ട് ഇടതു ശബ്ദത്തിന് ഉറച്ച ഇടം നേടികൊടുക്കാൻ അദ്ദേഹത്തിന് ആയിരുന്നു. മൂന്നു പതിറ്റാണ്ടിൽ ഏറെക്കാലം ലോക്​സഭാ സ്​പീക്കർ കസേരയിൽ ഇരുന്നവരെ ഇരുത്തി പൊരിച്ച സോമനാഥ് ചാറ്റർജി അതേ കസേരയിൽ എത്തുന്നതിന്റെ കൗതുകം അന്ന് ശക്തമായിരുന്നു. ക്ലാസിലെ ഏറ്റവും കുഴപ്പക്കാരനായ കുട്ടിയെ ലീഡറാക്കിയ പോലെയായി എന്ന മട്ടിലായിരുന്ന പ്രതികരണങ്ങൾ.

14 ഉം 15 ഉം ലോക്​സഭയിൽ സി പി എം പാർലമെന്ററിപാർട്ടി നേതാവ് ബസുദേവാചാര്യ ആയിരുന്നു. അദ്ദേഹത്തിന്റെ ചതഞ്ഞ പ്രസംഗം കേൾക്കുമ്പോഴെല്ലാം പ്രസ് ഗാലറിയിൽ മുതിർന്ന മാധ്യമപ്രവർത്തകർ നിരന്തരം ഓർമ്മിപ്പിക്കുന്ന വീരകഥകളിലെ സ്ഥിരം നായകനായിരുന്നു സോമനാഥ ചാറ്റർജി. വായിച്ചും കേട്ടും അറിഞ്ഞിട്ടുളള സോമനാഥ് ചാറ്റർജിയുടെ പാർലമെന്ററി ചർച്ചകൾ നേരിട്ട് കാണാനോ കേൾക്കാനോ അവസരം ലഭിച്ചിട്ടില്ല. ഒന്നാം യു പി എ സർക്കാരിന് ഒപ്പം ഡൽഹിയിൽ എത്തിയ എനിക്ക് സോമനാഥ് ചാറ്റർജിയെ സ്​പീക്കർ കസേരയിൽ ഇരുന്നു കണ്ടാണ് പരിചയം.

സ്​പീക്കർ കസേരയിൽ എത്തിയ സോമനാഥിൽ നിന്ന് സി പി എം പ്രത്യേക പരിഗണന പ്രതീക്ഷിച്ചിട്ടുണ്ടാകാം. പക്ഷേ സ്വന്തം കുട്ടിക്ക് കൂടുതൽ അടി എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് പലപ്പോഴും ഇടത് അംഗങ്ങളെ അസ്വസ്ഥമാക്കിയിട്ടും ഉണ്ട്. ഇതിന്റെ തുടർച്ച കൂടിയാണ് അദ്ദേഹത്തെ പാർട്ടിക്ക് വെളിയിൽ എത്തിച്ചത്. തല പൊക്കമുളള നേതാക്കൾ പോലും ഏറെ ബഹുമാനിക്കുന്ന തലമുതിർന്ന അംഗത്തോട് തർക്കിക്കാനും മറിച്ചു പറയാനും പല അംഗങ്ങൾക്കും മടി ഉണ്ടായിരുന്നു. അതീവ പ്രശ്​നക്കാർ പോലും സോമനാഥിനോട് ആദരവോടെയാണ് മിക്കപ്പോഴും ഇടപെട്ടിരുന്നത്. അദ്ദേഹത്തോട് തർക്കിക്കാൻ പലരും മടിച്ചിരുന്നു.

പാർലമെന്ററി നടപടി ക്രമങ്ങളിൽ അവസാന വാക്കായി കരുതിയിരുന്ന അദ്ദേഹത്തോട് റൂളും ചട്ടവും കീഴ്​വഴക്കവും പറഞ്ഞ് തർക്കിക്കാൻ തക്ക ജ്ഞാനം ഉണ്ടായിരുന്നവർ കുറവായിരുന്നു. അങ്ങനെ അറിവുളളവരിൽ പലരും പരസ്​പരബഹുമാനം വെച്ച് അതിന് മുതിർന്നിരുന്നില്ല. അക്ഷരാർത്ഥത്തിൽ കോൺവെന്‍റെ സ്​കൂൾ പ്രിൻസിപ്പാളിനെ പോലെയായിരുന്നു സോമനാഥ് ചാറ്റർജിയുടെ ഇടപെടൽ. അംഗം എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രകടനത്തിന് ഒപ്പം നിർത്താവുന്ന പ്രകടനം സ്​പീക്കർ പദവിയിൽ കാഴ്ചവെയ്ക്കാനായില്ല എന്ന അഭിപ്രായം മുതിർന്ന മാധ്യമ പ്രവർത്തകരിൽ നിന്നു തന്നെ കേട്ടിട്ടുണ്ട്.

കഥാനായകനിലേക്ക്...

അങ്ങനെ ഉഗ്രപ്രതാപിയായി വാണ സാക്ഷാൽ സോനാഥ് ചാറ്റർജിയോട് സഭയിൽ ഒരാൾ ശങ്കയേതുമില്ലാതെ മുട്ടുമായിരുന്നു. അതും ഭരണഘടനയും നിയമപുസ്തകങ്ങളും റൂളും ചട്ടവും ഉദ്ധരിച്ച് തലങ്ങും വിലങ്ങും വെട്ടി മുന്നേറും. മിനിട്ടുകൾ നീളുന്ന വാഗ്വാദങ്ങൾ. താൻ പറഞ്ഞതാണ് ശരിയെന്ന് പ്രിൻസിപ്പൽ സമ്മതിക്കും വരെ തർക്കം തുടരും. ചിലപ്പോൾ പ്രിൻസിപ്പൽ കുട്ടിയെ അടിച്ചിരുത്തും. മറ്റു ചിലപ്പോൾ കുട്ടിക്ക് മുന്നിൽ പ്രിൻസിപ്പാളിന്റെ മനസാന്നിദ്ധ്യം കൈവിട്ടു പോകും. പ്രിൻസിപ്പാളിനും ഈ കുട്ടിക്കും അന്ന് വൃദ്ധശാഠ്യങ്ങൾ ആവോളം ഉണ്ടായിരുന്നതിനാൽ മറ്റുളളവർ ഇതിൽ കാര്യമായി ഇടപെട്ടിരുന്നില്ല. നിയമവും ചട്ടവും വച്ചുളള ഈ തർക്കത്തിൽ ഇടപെടലും അത്ര എളുപ്പമായിരുന്നുമില്ല.

ആ കുട്ടിയാണ് ആദ്യം പറഞ്ഞ അണ്ണൻ. വർക്കല അണ്ണൻ. പ്രായ ഭേദമന്യേ എല്ലാവരും അണ്ണൻ എന്നു വിളിക്കുന്ന വർക്കല രാധാകൃഷ്​ണൻ. ഇരുവരും തമ്മിലുളള പോര് രസമായിരുന്നു. അണ്ണൻ ചെവിയിൽ കേൾവിയന്ത്രം ഒക്കെ വച്ച് ഇങ്ങനെ ഉറങ്ങിയ പോലെ ഇരിക്കും. പെട്ടെന്നാവും ചാടി എഴുന്നേൽക്കുക. എഴുന്നേറ്റാൽ പിന്നെ ഇരുത്തുക അത്ര എളുപ്പപണിയില്ല. തോൽക്കുമെന്ന് കണ്ടാൽ അണ്ണൻ കേൾവി യന്ത്രം ഊരി വയ്ക്കും. പിന്നെ അങ്ങോട്ട് പറയുക എന്നല്ലാതെ ഇങ്ങോട്ട് കേൾക്കില്ല. തോറ്റാലും ജയിച്ചാലും ഒടുവിൽ അണ്ണന്റെ ഒരു ചിരിയുണ്ട്. നഷ്​ടകളങ്കത തെളിഞ്ഞു നിൽക്കുന്ന നിറഞ്ഞ ചിരി.

വർക്കല തർക്കം ഉന്നയിക്കാൻ സാധ്യതയുളള വിഷയങ്ങളെ കുറിച്ച് സോമനാഥ് ചാറ്റർജിക്ക് ധാരണയുണ്ടാകും. ഇത്തരം വിഷയങ്ങൾ വരുമ്പോൾ അദ്ദേഹം പതിയെ സ്​പീക്കർ കസേരയിൽ നിന്ന് എഴുന്നേറ്റ് സ്​പീക്കർ പാനൽ അംഗമായ അണ്ണനെ സ്​പീക്കർ കസേരയിൽ ഇരുത്തും. കളിക്കാൻ വന്നയാളെ പിടിച്ച് റഫറിയാക്കിയാൽ പിന്നെ എന്തു ചെയ്യാൻ.

ഇത് പതിവായതോടെ അണ്ണൻ മറുതന്ത്രം കണ്ടെത്തി. തന്നെ ഇരുത്താൻ സാധ്യത ഉണ്ടെന്ന് കണ്ടാൽ പതിയെ സഭ വിട്ട് പുറത്തു പോകും. കൃത്യ സമയമാകുമ്പോൾ കൈയ്യും വീശി പതിയെ കയറി വരും. വിഷയം വന്നാൽ ചാടി എഴുന്നേൽക്കും. അപ്പോൾ കൈയ്യിൽ പുസ്തകം കാണും. അതിൽ നോക്കി പേജും വരിയും ഒക്കെ പറഞ്ഞാണ് ഉദ്ധരിക്കുക. പുസ്​തകം നേരത്തെ തന്നെ സീറ്റിൽ വച്ചിരിക്കും. കൃത്യം പേജ് എങ്ങനെ ഇതിനിടയിൽ ഇത്ര കൃത്യതയോടെ തപ്പി പിടിക്കുന്നു എന്നത് അത്ഭുതമാണ്. പാർലമെന്ററി നടപടി ക്രമങ്ങളിലും നിയമത്തിലും സോമനാഥിന്റെ അത്യപാരമായ പരിജ്ഞാനത്തോട് മുട്ടാനുളള ശേഷി വർക്കല അണ്ണനുണ്ടായിരുന്നു.
#വ​ർക്കലഅണ്ണൻ

First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍