• HOME
  • »
  • NEWS
  • »
  • india
  • »
  • MBBS പരീക്ഷ മാറ്റിവെയ്ക്കണം; ഹൈക്കോടതിയെ സമീപിച്ച് 2,300 മെഡിക്കൽ വിദ്യാർത്ഥികൾ

MBBS പരീക്ഷ മാറ്റിവെയ്ക്കണം; ഹൈക്കോടതിയെ സമീപിച്ച് 2,300 മെഡിക്കൽ വിദ്യാർത്ഥികൾ

ആവശ്യത്തിന് ക്ലാസുകൾ ലഭിക്കാത്തതും ക്ലിനിക്കൽ പരിചയം ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കാനായി ആവശ്യപ്പെടുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ (Medical Colleges) 2300ഓളം ഫൈനൽ ഇയർ എംബിബിഎസ് വിദ്യാർഥികൾ (MBBS Students) കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് (KUHS) കീഴിലെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഹൈക്കോടതിയിൽ ഇത്രയധികം പേർ ഒരേ ആവശ്യത്തിനായി ഒരുമിച്ച് മുന്നോട്ട് വരുന്ന സാഹചര്യങ്ങൾ അധികമുണ്ടാവാറില്ല. ആവശ്യത്തിന് ക്ലാസുകൾ ലഭിക്കാത്തതും ക്ലിനിക്കൽ പരിചയം ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പരീക്ഷ മാറ്റിവെക്കാനായി ആവശ്യപ്പെടുന്നത്.

    നേരത്തെ ഒരുകൂട്ടം വിദ്യാർഥികൾ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി വിദ്യാർഥികൾക്ക് എതിരായിരുന്നു. കുറച്ച് വിദ്യാർഥികളുടെ പ്രശ്നം മാത്രമാണിതെന്നതായിരുന്നു പ്രധാന കാരണം. ഇത്തവണ വിദ്യാർഥികൾ ഒന്നടങ്കം യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
    “നാഷണൽ മെഡിക്കൽ കൗൺസിലും (NMC) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (MCI) നിർദ്ദേശിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി സിലബസ് പ്രകാരം ഒരു ഫൈനൽ ഇയർ എംബിബിഎസ് വിദ്യാർഥി കുറഞ്ഞത് 792 ക്ലിനിക്കൽ ക്ലാസുകൾ പൂർത്തിയാക്കിയിരിക്കണം. കോവിഡ് പ്രതിസന്ധി കാരണം വിദ്യാർഥികൾ വീട്ടിലിരുന്ന് ഓൺലൈനിലാണ് കൂടുതൽ ക്ലാസുകളിലും ഹാജരായത്. ഇതിനാൽ ക്ലിനിക്കൽ ക്ലാസുകൾ ആവശ്യത്തിന് ലഭിച്ചിട്ടില്ല,” പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരു വിദ്യാർഥി പറഞ്ഞു.

    ആവശ്യത്തിന് ക്ലിനിക്കൽ എക്സ്പീരിയൻസ് ഇല്ലാതെ മെഡിസിൻ പഠിക്കേണ്ടി വന്ന ചൈനയിൽ നിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിലുള്ളത് പോലുള്ള പരിഗണന ഇക്കാര്യത്തിലും ഉണ്ടാവണമെന്ന് വിദ്യാർഥികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ പറഞ്ഞു. സീനിയർ അഭിഭാഷകരായ എൻഎൻ സുഗുണബാലൻ, കീർത്തി മുരളീധരൻ, ടിറ്റുജോസ് ചാക്കനാട് എന്നിവരാണ് വിദ്യാർഥികൾക്ക് വേണ്ടി കോടതിയിൽ ഹാജരാവുന്നത്.

    “ഇവിടത്തെ സാഹചര്യത്തിൽ യൂണിവേഴ്സിറ്റിക്ക് കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും പരീക്ഷ മാറ്റിവെക്കാവുന്നതാണ്. അതിനിടയിൽ വിദ്യാർഥികൾക്ക് ആവശ്യത്തിന് ക്ലിനിക്കൽ പരിചയവും നേടിയെടുക്കാനാവും,” മറ്റൊരു വിദ്യാർഥി പറഞ്ഞു. കോവിഡ് മഹാമാരി കാരണം ഔട്ട് പേഷ്യൻറ്, ഇൻ പേഷ്യൻറ് തുടങ്ങിയ ആശുപത്രി സംവിധാനങ്ങളെല്ലാം മുടങ്ങിയിരുന്നതായി വിദ്യാർഥികൾ വിശദീകരിക്കുന്നു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികൾ നിറഞ്ഞതിനാൽ മറ്റ് പല ചികിത്സകളും മുടങ്ങിയിരുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

    “കഴിഞ്ഞ വർഷം ആഗസ്തിലാണ് ഞങ്ങൾക്ക് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ മാർച്ച് 31ന് തന്നെ പരീക്ഷ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കെയുഎച്ച്എസ്,” മറ്റൊരു വിദ്യാർഥി പറഞ്ഞു. യൂണിവേഴ്സിറ്റി അധികൃതർ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറയുന്നില്ല. ബോർഡ് ഓഫ് സ്റ്റഡീസ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മിക്ക കോളേജുകളും പരീക്ഷ മാറ്റിവെക്കാനായി യൂണിവേഴ്സിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.

    എന്നാൽ നാഷണൽ മെഡിക്കൽ കൗൺസിലിൽ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരീക്ഷ നടത്തുന്നതെന്ന് കെയുഎച്ച്എസ് വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. “പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു. 35ഓളം വിദ്യാർഥികളുടെ ആവശ്യം കോടതി നിരാകരിക്കുകയാണ് ചെയ്തത്,” അദ്ദേഹം വ്യക്തമാക്കി. നിലവിൽ പരീക്ഷയ്ക്ക് മതിയായ തയ്യാറെടുപ്പ് നടത്തിയിട്ടില്ലാത്ത വിദ്യാർഥികൾക്ക് ആറ് മാസം കഴിഞ്ഞ് പരീക്ഷയ്ക്ക് ഹാജരാവാമെന്നാണ് കോടതിയുടെ നിർദ്ദേശം. അവരെ ആദ്യമായി പരീക്ഷ എഴുതുന്നവരായി കണക്കാക്കണമെന്നും പിന്നീട് ഫീസ് ഈടാക്കരുതെന്നും കോടതി യൂണിവേഴ്സിറ്റിയോട് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ടെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
    Published by:user_57
    First published: